Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർ ആംബുലൻസ് വഴിമാറിപ്പറന്നു; ചികിൽസ കിട്ടാതെ കുഞ്ഞു മരിച്ചു

air_ambulance

തോപ്പുംപടി (കൊച്ചി)∙ ലക്ഷദ്വീപിൽ നിന്നു രോഗികളെ വിദഗ്ധ ചികിൽസയ്ക്കായി കൊച്ചിയിലെ ആശുപത്രിയിൽ എത്തിക്കാൻ അനുവദിച്ചിട്ടുള്ള എയർ ആംബുലൻസ്, ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം റൂട്ടു മാറി പറന്നതിനെത്തുടർന്നു നവജാത ശിശു ചികിൽസ കിട്ടാതെ മരിച്ചു. ആന്ത്രോത്ത് ദ്വീപിൽ താമസിക്കുന്ന കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിയുടെ ഭാര്യ മലീഹ ജന്മം നൽകിയ ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞാണു മരിച്ചത്.

അഗത്തിയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ ഇന്നലെ രാവിലെയാണു മലീഹ ആൺകുഞ്ഞിനെയും പെൺകുഞ്ഞിനെയും പ്രസവിച്ചത്. ഇതിൽ ആൺകുട്ടിയുടെ ആരോഗ്യ നില തൃപ്തികരമല്ലാത്തതിനാൽ ആശുപത്രി അധികൃതർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാൻ നിർദേശിക്കുകയായിരുന്നു. പൈലറ്റ് ഉൾപ്പെടെ പത്തു പേർക്കു കയറാൻ കഴിയുന്ന എയർ ആംബുലൻസ് ഹെലികോപ്റ്റർ ഡോക്ടർ ആവശ്യപ്പെട്ട പ്രകാരം എത്തി.

കുഞ്ഞിനെയുംകൊണ്ട് പിതാവ് ഷാഫി, മുത്തച്ഛൻ മുഹമ്മദ് കാസിം, ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ എസ്കോർട്ട് എന്നിവരും കയറി. ഇതിനിടെ കൊച്ചിയിൽ നിന്നു വിമാന മാർഗം അഗത്തിയിൽ എത്തിയ നാലു പേരെ അടിയന്തരമായി കവരത്തിയിൽ എത്തിക്കണമെന്നു ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിൽ നിന്നു പൈലറ്റിനു നിർദേശം വന്നു.

കൊച്ചിയിലേക്കു പറക്കാൻ തയാറായി നിന്ന കോപ്റ്റർ അവശ നിലയിലായ കുട്ടിയുമായി ആദ്യം കവരത്തിയിലേക്കു പോയി. അഗത്തിയിൽ നിന്നു കവരത്തിയിലേക്കു 15 മിനിറ്റാണു പറക്കൽ സമയം. ദ്വീപ് ഭരണകൂടം നിർദേശിച്ചവരെ അവിടെ ഇറക്കി. 45 മിനിറ്റ് വൈകി കൊച്ചിയിലേക്കു പറന്നു. 1.10നു നെടുമ്പാശേരിയിൽ എത്തിയപ്പോഴേക്കും കുട്ടിയുടെ ആരോഗ്യനില പരിതാപകരമായിരുന്നു.

തുടർന്നു കൊച്ചിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനു പകരം ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ സംഘത്തോടൊപ്പമുണ്ടായിരുന്ന മെഡിക്കൽ എസ്കോർട്ട് ഹുസൈൻ നിർദേശിച്ചു. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു. പത്തു മിനിറ്റ് നേരത്തെ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്ന് ഹുസൈൻ മനോരമയോടു പറഞ്ഞു.

കുട്ടിയെ ഇടപ്പള്ളി ജുമ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.

എയർ ആംബുലൻസ് ദുരുപയോഗം നിരന്തരം

ലക്ഷദ്വീപിൽ നിന്നു രോഗികളെ അടിയന്തരമായി കൊച്ചിയിൽ എത്തിക്കാൻ രണ്ട് എയർ ആംബുലൻസുകളാണ് അനുവദിച്ചിട്ടുള്ളത്. രോഗികൾക്കു വിദഗ്ധ ചികിൽസ ഉറപ്പാക്കാൻ അനുവദിച്ചിട്ടുള്ള എയർ ആംബുലൻസിനായി വർഷം കോടികളാണു ചെലവിടുന്നത്. ഒരു തവണ എയർ ആംബുലൻസ് കൊച്ചിയിൽ വന്നു തിരിച്ചു പോകാൻ ലക്ഷങ്ങളാണു ചെലവ്. രോഗിക്കായി നൽകേണ്ടത് 2650 രൂപയാണ്. സഹായികളുടെ യാത്ര നിരക്ക് 5250 രൂപയും. മെഡിക്കൽ എസ്കോർട്ടിന്റെ യാത്ര സൗജന്യമാണ്.

എന്നാൽ ഈ സൗകര്യം അഡ്മിനിസ്ട്രേഷൻ വിഭാഗം ദുർവിനിയോഗം ചെയ്യുന്നതായി നേരത്തെയും പരാതി ഉണ്ടായിട്ടുണ്ട്. ശ്വാസതടസ്സം അനുഭവപ്പെട്ട രോഗി ആംബുലൻസ് സൗകര്യം നിഷേധിച്ചതിനെ തുടർന്നു വിദഗ്ധ ചികിൽസ കിട്ടാതെ മരിച്ചത് മൂന്നു മാസം മുൻപു വലിയ വിവാദത്തിനു കാരണമായിരുന്നു. അന്ന് എയർ ആംബുലൻസ് വിനോദ സഞ്ചാരികളെയുമായി പോയിരിക്കുകയായിരുന്നു.

അതേസമയം, എയർ ആംബുലൻസിന്റെ സേവനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടു ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഭാഗത്തു നിന്നു വീഴ്ച വന്നിട്ടില്ലെന്ന് കൊച്ചിയിലെ അഡ്മിനിസ്ട്രേഷൻ ഓഫിസ് അറിയിച്ചു. അഗത്തിയിലെ ആശുപത്രിയിൽ നിന്നു രോഗിയെ ഉടൻ കവരത്തിയിൽ എത്തിച്ച് അവിടെ നിന്നു മറ്റൊരു എയർ ആംബുലൻസിൽ കൊച്ചിയിൽ എത്തിക്കുകയായിരുന്നു എന്നാണ് അധികൃതർ പറയുന്നത്.