Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെവിഎം ആശുപത്രി നഴ്സുമാരുടെ സമരം: ചർച്ച പരാജയം; ഇടപെടാമെന്നു മുഖ്യമന്ത്രി

Nurses Strike

തിരുവനന്തപുരം∙ ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർക്കാൻ ലേബർ കമ്മിഷണർ എ.അലക്സാണ്ടർ നടത്തിയ ചർച്ച അലസി. പ്രശ്നപരിഹാരത്തിനായി ഇടപെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സമരം ചെയ്യുന്ന 110 നഴ്സുമാരിൽ ആരെയും തിരിച്ചെടുക്കാനാവില്ലെന്നു മാനേജ്മെന്റ് പ്രതിനിധികൾ ചർച്ചയിൽ ഉറച്ച നിലപാടെടുത്തു.

മിനിമം വേതനം നടപ്പാക്കാത്തതിനു മൂന്നരക്കോടി രൂപ സർക്കാർ പിഴയിട്ടുണ്ട്. ഈ തുക അടയ്ക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല. കിടക്കകളുടെ എണ്ണം കുറയ്ക്കാൻ ആലോചിക്കുന്നു. നിലവിലുള്ള 20 നഴ്സുമാരെ ഉപയോഗിച്ച് ആശുപത്രി പ്രവർത്തിപ്പിക്കാനാണു ശ്രമമെന്നു മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു. ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഷോബി ജോസഫും വൈസ് പ്രസിഡന്റ് സിബി മുകേഷും മുഖ്യമന്ത്രിയെ കണ്ടു. അപ്പോഴാണ് ഇടപെടാമെന്ന് അദ്ദേഹം അറിയിച്ചത്.

മിനിമം വേതന സമിതി അന്തിമ റിപ്പോർട്ടിലേക്ക്

നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കുന്നതു സംബന്ധിച്ച മിനിമം വേതന ഉപദേശ സമിതി 13,16,17 തീയതികളിൽ യോഗം ചേർന്ന് അന്തിമറിപ്പോർട്ട് തയാറാക്കും. ഇന്നലെ ചേർന്ന യോഗത്തിലാണു തീരുമാനം. 31ന് അകം ശമ്പളപരിഷ്കരണ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.