Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയും 'ബിൽ സെറ്റിൽ' ആകാതെ ലോക കേരള സഭ!

Loka Kerala Sabha

തിരുവനന്തപുരം∙ ലോക കേരള സഭ കഴിഞ്ഞു രണ്ടു മാസമായിട്ടും ചെലവുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടി നൽകാതെ സർക്കാർ. ഇന്നലെ നിയമസഭയിൽ രേഖാമൂലം ഇതു സംബന്ധിച്ചു ചോദ്യങ്ങൾ ഉയർന്നെങ്കിലും ബില്ലുകളുടെ സെറ്റിൽമെന്റ് പൂർത്തിയായില്ലെന്നായിരുന്നു മറുപടി. മുൻപു വിവരാവകാശ അപേക്ഷ നൽകിയപ്പോഴും സമാനമായിരുന്നു മറുപടി.

സഭയിൽ അംഗങ്ങളായവർക്കു വിദേശത്തുനിന്നു തലസ്ഥാനത്തേക്കു പറന്നെത്താനും മടങ്ങാനും എത്ര രൂപ ചെലവായെന്ന ചോദ്യത്തിനു വിമാനക്കൂലി അനുവദിച്ചവരുടെ എണ്ണം മാത്രമാണു മറുപടി. 65 പേർക്കു തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വിമാനക്കൂലി നൽകി. ഹാളിലെ സീറ്റിങ് ക്രമീകരണങ്ങൾ ചെയ്ത ഏജൻസിയുടെ പേരു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിന്റെ ബില്ലുകളും സെറ്റിൽ ആക്കിയിട്ടില്ലെന്നാണു മറുപടി.

ലോക കേരള സഭയ്ക്കായി സർക്കാർ രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ തീരുമാനപ്രകാരം വിനോദസഞ്ചാര വകുപ്പിന്റെ എംപാനൽഡ് ഏജൻസിയെയാണു ചുമതല ഏൽപിച്ചതെന്നും, അതിനാൽ ടെൻഡർ നടപടികൾ ഉണ്ടായിട്ടില്ലെന്നും മറുപടിയിൽ പറയുന്നു. പ്രതിനിധികളുടെ താമസം ഒരുക്കിയ അഞ്ചു ഹോട്ടലുകളുടെ ബില്ലുകൾ സെറ്റിൽ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.