Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയൽക്കിളി നേതാവിന്റെ അനുജന് തൊഴിൽവിലക്ക്

Ratheesh രതീഷ്.

തളിപ്പറമ്പ് (കണ്ണൂർ)∙ വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ അനുജൻ രതീഷ് ചന്ദ്രോത്തിനു സിപിഎമ്മിന്റെ നേതൃത്വത്തിൽ ജോലി നിഷേധിച്ചതായി പരാതി. ബക്കളം മേഖലയിൽ ചുമട്ടുതൊഴിലാളിയായിരുന്ന രതീഷിനെ ഫെബ്രുവരി 12 മുതൽ ജോലി ചെയ്യുന്നതു വിലക്കുകയായിരുന്നുവത്രെ.

ബക്കളം മുതൽ ധർമശാല വരെയുള്ള മേഖലയിൽ ഹെഡ്​ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡിന്റെ കീഴിലുള്ള ബക്കളം ഡിവിഷനിൽ ജോലി ചെയ്തുവരികയായിരുന്നു രതീഷ്. 12നു വൈകിട്ടു വരെ ജോലി ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ 13നു രാവിലെ ജോലിക്കു പോയപ്പോൾ ഒരു യോഗം വിളിച്ചിട്ടുണ്ടെന്നു ഡിവിഷൻ സെക്രട്ടറി വി.വിജയൻ അറിയിക്കുകയും യോഗത്തിൽ വച്ച്, ഇനിമുതൽ ജോലി ചെയ്യേണ്ടെന്ന് അറിയിക്കുകയുമാണുണ്ടായത്.

താൻ ജോലി ചെയ്തിരുന്ന സ്ഥാപന ഉടമകളുമായോ സഹപ്രവർത്തകരുമായോ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും ഒരു കാരണവും ഇല്ലാതെയാണ് തന്റെ ജോലി നിഷേധിച്ചതെന്നും രതീഷ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രതീഷ് ഫെബ്രുവരി 15ന് അസി. ലേബർ ഓഫിസർക്കു പരാതി നൽകിയെങ്കിലും ഇതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ല.

രതീഷിന്റെ ജ്യേഷ്ഠൻ സുരേഷ് വയൽക്കിളി നേതാവായതിനാലും രതീഷും ഇതിന്റെ പ്രവർത്തകനായതിനാലുമാണ് ജോലി നിഷേധിച്ചതെന്നാണ് ആരോപണം.