Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേയ് മാസ ചൂട് കേരളത്തെ രണ്ടു തട്ടിലാക്കും

hot climate

തിരുവനന്തപുരം∙ അടുത്ത മാസത്തോടെ കേരളത്തിലെ രണ്ട് അറ്റങ്ങളിൽ കാലാവസ്ഥ രണ്ടു തട്ടിലേക്കു മാറുമെന്നു സൂചന. നിലവിലെ കണക്കുകൂട്ടൽ പ്രകാരം വേനലിൽ തെക്കൻ ജില്ലകളിൽ അനുഭവപ്പെടേണ്ടിയിരുന്ന ചൂടിന്റെ അളവു കുറയും. അതേസമയം വടക്കൻ ജില്ലകളിൽ ഇതു സാധാരണയിലും കൂടുതലായിരിക്കും.

വേനൽമഴയിൽ വരാനിടയുള്ള വ്യത്യാസമാണ് ഇതിനു കാരണം. അടുത്ത മാസം തെക്കൻ ജില്ലകളിൽ നല്ല രീതിയിൽ വേനൽമഴ ലഭിക്കുമെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. അതേസമയം വടക്കൻ ജില്ലകളിൽ പലയിടത്തും പ്രതീക്ഷിക്കുന്ന വേനൽമഴ ലഭിക്കില്ല. കൂടാതെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവും ചൂടിനെ കാര്യമായി സ്വാധീനിക്കും.

കണക്കുകൾ പ്രകാരം 35 ഡിഗ്രി വരെയേ ചൂട് ഉയർന്നിട്ടുള്ളൂ എങ്കിലും പലയിടത്തും 38 ഡിഗ്രി വരെ അനുഭവപ്പെടുന്നുണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്. പ്രവചിക്കപ്പെട്ട ഉയർന്ന ചൂടിനെക്കാൾ ഒന്നിലേറെ ഡിഗ്രി വരെ ചില പ്രദേശങ്ങളിൽ താപനില അനുഭവപ്പെടുന്നുണ്ട്. നിലവിൽ സംസ്ഥാനത്തൊട്ടാകെ ചൂടിനു വൻ വ്യതിയാനം സംഭവിക്കുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിൽ കാലാവസ്ഥാ വകുപ്പ് നിരീക്ഷണപ്രകാരം പരമാവധി ചൂട് അനുഭവപ്പെട്ടത് 34.8 ഡിഗ്രിയാണ്. എന്നാൽ പല വിദേശ കാലാവസ്ഥാ വെബ്സൈറ്റുകളിലും ഇത് 38 ഡിഗ്രി വരെ കാണിച്ചിട്ടുണ്ട്.

ഈ മാസം മൂന്നു മുതൽ ഇന്നലെ വരെ കേരളത്തിൽ അനുഭവപ്പെട്ട താപനില കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തേക്കാൾ കൂടിയതായിരുന്നു. കുറഞ്ഞ താപനില 26 ഉം ,കൂടിയ താപനില 35 ഉം ആയിരിക്കുമെന്നാണു പ്രവചനം. 13 വരെ ഇതേ കാലവസ്ഥ തുടരുമെന്നും പ്രവചനത്തിലുണ്ട്.

എന്നാൽ ഇതിൽ വ്യതിയാനം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ വ്യതിയാനം കടലിനെ ബാധിക്കുമോ എന്നതു വ്യക്തമല്ല. അതേസമയം മത്സ്യങ്ങൾ ചൂടുമൂലം മറ്റു തീരങ്ങളിലേക്കു ചേക്കേറുന്നത് ഇതിനോടകം തന്നെ സംഭവിക്കുന്നുണ്ട്. മത്സ്യബന്ധനത്തെ ഇതു മോശമായി ബാധിക്കും.

മേയ് മാസം പ്രശ്നം കൂടുതൽ രൂക്ഷമായേക്കുമെന്നും ആശങ്കയുണ്ട്. സംസ്ഥാനത്തു കാലവർഷം മെച്ചമായിരിക്കുമെന്നാണു സൂചന. കഴിഞ്ഞ വർഷത്തെപ്പോലെ എൽനിനോ പ്രതിഭാസം രൂപപ്പെടാത്തതും അന്തരീക്ഷത്തിൽ കാണുന്ന സൂചനകളും മികച്ച കാലവർഷത്തെയാണ് സൂചിപ്പിക്കുന്നതെന്നു വിദഗ്ധർ പറയുന്നു.