Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രസർക്കാർ തകർക്കുന്നു; തപൻസെൻ

trade-union കൊച്ചിയിൽ കേന്ദ്ര പൊതുമേഖലാ ട്രേഡ് യൂണിയനുകളുടെ ദേശീയ കൺവൻഷൻ ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി ∙ ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ പടിപടിയായി ഇല്ലാതാക്കാനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നു സിഐടിയു ദേശീയ ജനറൽ സെക്രട്ടറി തപൻ സെൻ എംപി. രാജ്യത്തെ സംഘടിത തൊഴിൽ മേഖലയെ എങ്ങനെ തകർക്കാമെന്നതിന്റെ പരീക്ഷണശാലയാക്കി കേന്ദ്ര സർക്കാർ പൊതുമേഖലാസ്ഥാപനങ്ങളെ മാറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങളിലെ തൊഴിലാളി സംഘടനകളുടെ സംയുക്ത ദേശീയ കൺവൻഷനിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

‘മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വാങ്ങിക്കുവാൻ ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രം നിർബന്ധിക്കുന്നു. എയർ ഇന്ത്യയുടെ ഓഹരി വാങ്ങാൻ ലൈഫ് ഇൻഷുറൻസ് കോർപറേഷനെ നിർബന്ധിക്കുന്നത് ഇതിന്റെ ഭാഗമാണ്. കരാർവൽക്കരണം വഴി തൊഴിലാളികളുടെ സംഘടിത സമരവീര്യത്തെ വിഭജിക്കാനാണു നീക്കം. ശമ്പള പരിഷ്‌കരണം നടപ്പാക്കാതെയും പൊതുമേഖലയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു. 

മേക്ക് ഇൻ ഇന്ത്യയുടെ പേരിൽ രാജ്യത്തെ തകർക്കലാണു നടക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ മേഖലയടക്കം സ്വകാര്യവൽക്കരിക്കുന്നു. റെയിൽവേ സ്വകാര്യവൽക്കരണം നേരത്തേ തുടങ്ങി. രാജ്യത്തെ 407 റെയിൽവേ സ്‌റ്റേഷനുകൾ സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചുകഴിഞ്ഞു. തൊഴിലവകാശങ്ങളെ തകർത്തു തൊഴിലാളികളെ അടിമകളാക്കുന്ന സർക്കാർ നീക്കത്തിനെതിരെ ശക്തമായ പോരാട്ടത്തിനു തൊഴിലാളി സമൂഹം തയാറാവണം’- തപൻസെൻ പറഞ്ഞു.

ആർ. ചന്ദ്രശേഖരൻ (ഐഎൻടിയുസി), തമ്പാൻ തോമസ് (എച്ച്എംഎസ്), എച്ച.് മഹാദേവൻ (എഐടിയുസി), എം. ഷൺമുഖൻ (എൽപിഎഫ്), മീനാക്ഷി സുന്ദരം (ജെഎഎഫ്), വി. പ്രഭാകർ (പിഎസ്‌യുടിയു കോഓർഡിനേഷൻ ഹൈദരാബാദ്) എന്നിവരും പ്രസംഗിച്ചു. 

ട്രേഡ് യൂണിയനുകൾ രാജ്യവ്യാപക പ്രക്ഷോഭത്തിന് 

കൊച്ചി ∙ സ്ഥിരംതൊഴിൽ ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിനും എതിരെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയനുകൾ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. ദേശീയ പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭത്തിനു കൊച്ചിയിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ ദേശീയ കൺവൻഷൻ ആഹ്വാനം ചെയ്തു. 

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എൽപിഎഫ്, ജെഎഎഫ് ബെംഗളൂരു, പിഎസ്‌യുടിയു കോഓർഡിനേഷൻ കമ്മിറ്റി ഹൈദരാബാദ് എന്നീ സംഘടനകളാണു സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുന്നത്. മേയ് 25നു ഡൽഹിയിൽ ചേരുന്ന പൊതുമേഖലാസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ഐക്യ കൺവൻഷൻ പ്രക്ഷോഭത്തിന് അന്തിമ രൂപം നൽകുമെന്നു സിഐടിയു ദേശീയ ജനറൽ സെക്രട്ടറി തപൻസെൻ അറിയിച്ചു. ഇതിനു മുന്നോടിയായി എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ഒരാഴ്ച നീളുന്ന പ്രചാരണ പരിപാടി സംഘടിപ്പിക്കും. മേയ് 11നു സ്ഥാപനങ്ങൾക്കുമുന്നിൽ പ്രകടനം നടത്തും