Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ രഞ്ജി വിജയ നായകൻ ബാബു അച്ചാരത്ത് അന്തരിച്ചു

Babu-Acharath ബാബു അച്ചാരത്ത്

കണ്ണൂർ ∙ കേരളത്തിന്റെ മണ്ണിൽ ആദ്യ രഞ്ജി ക്രിക്കറ്റ് വിജയം സമ്മാനിച്ച നായകൻ ബാബു അച്ചാരത്ത് (82) നിര്യാതനായി. തലശ്ശേരി അച്ചാരത്ത് കുടുംബാംഗമാണ്. കണ്ണൂർ പുഴാതി ഹൗസിങ് കോളനിയിലെ സെഞ്ച്വറിയിലായിരുന്നു താമസം. 1963ൽ തലശ്ശേരിയിൽ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ ആന്ധ്രയ്ക്കെതിരെ വിജയം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു.

1950കളിലും 1960കളിലും കളിക്കളത്തിൽ നിറഞ്ഞുനിന്ന ഈ വലംകയ്യൻ മീഡിയം പേസർ കേരളത്തിനു വേണ്ടി 14 മത്സരങ്ങൾ കളിച്ചു. ആറു മത്സരങ്ങളിൽ ടീമിനെ നയിച്ചു. 1956-57ൽ ആന്ധ്രയ്ക്കെതിരെ അരങ്ങേറ്റം, 1965-66ൽ ഹൈദരാബാദിനെതിരെ അവസാന മത്സരം. 1972ൽ കാലിക്കറ്റ് സർവകലാശാല ക്രിക്കറ്റ് ടീം പരിശീലകനായി. 22 വർഷം ആ സ്‌ഥാനത്തു തുടർന്നു.

പിന്നീട് കണ്ണൂർ സർവകലാശാലയുടെയും പരിശീലകനായി. കാലിക്കറ്റ് സർവകലാശാല ആദ്യമായി ദക്ഷിണ മേഖലാ അന്തർ‍സർവകലാശാല രണ്ടാം സ്ഥാനക്കാരായത് അച്ചാരത്ത് പരിശീലകനായപ്പോഴാണ്. ഇന്ത്യൻ സർവകലാശാല ടീം സിലക്‌ടർ, മുഖ്യ പരിശീലകൻ, കേരള ജൂനിയർ ടീമിന്റെയും സീനിയർ ടീമിന്റെയും സിലക്‌ടർ, അഞ്ചു തവണ കേരള ടീം മാനേജർ, വിസി ട്രോഫിക്കുള്ള ദക്ഷിണമേഖലാ ടീം മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1956ൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ രൂപീകരിക്കുമ്പോൾ പ്രഥമ സെക്രട്ടറിയായി. പിന്നീട് പ്രസിഡന്റായി. കേരള ക്രിക്കറ്റ് അസോസിയേഷൻ നെറ്റ്‌സ് ആൻഡ് കോച്ചിങ് സെന്റർ ചെയർമാനായിരുന്നു.

കബറടക്കം ഇന്ന് 12.30ന് സിറ്റി ജുമാ മസ്ജിദിൽ. അച്ചാരത്ത് തറവാട്ടിൽ പോക്കുകേയിയുടെയും ബിച്ചുമ്മയുടേയും മകനാണ്. മുൻ കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ സഹോദരി ഇ.റംലാ ബീവിയാണ് ഭാര്യ. മക്കൾ: റഷീദാ ബാനു (ഖത്തർ), മുഷ്താഖ് അലി (എയർലൈൻസ് മാനേജർ, കുവൈത്ത്), പരേതയായ സൈറാ ബാനു. മരുമക്കൾ: വി.അഷ്റഫ് ബാബു (എൽഐസി ഡവലപ്‌മെന്റ് ഓഫിസർ, കണ്ണൂർ), മൊയ്തീൻ പടിയത്ത് (ഖത്തർ), ഷബ്‌നം മുഷ്ത്താഖ്. സഹോദരങ്ങൾ: മറിയം, ജാഫർ, അബ്ദുൽ ഖാദർ, ഉമ്മർ, പരേതരായ മൊയ്തു സാഹിബ്, ഉമ്മി. നിര്യാണത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ അനുശോചിച്ചു. മലയാള മനോരമയ്ക്ക് വേണ്ടി സീനിയർ കോ–ഓർഡിനേറ്റിങ്ങ് എഡിറ്റർ എം.ബാബുരാജ് പുഷ്പചക്രം അർപ്പിച്ചു.