Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഹരിപിടിത്തം ഇങ്ങനെ പോരെന്നു ഡിജിപി; റേഞ്ച്തലത്തിൽ സ്ക്വാഡിനു നിർദേശം

Behra-8-5-2017-1

കൊച്ചി ∙ ലഹരി ഉപയോഗത്തിനെതിരെ കേരള പൊലീസിന്റെ ബോധവൽക്കരണ പരിപാടിയൊക്കെ കൊള്ളാമെങ്കിലും ലഹരിപിടിത്തം ഫലപ്രദമല്ലെന്നു സംസ്ഥാന പൊലീസ് മേധാവിയുടെ വിമർശനം. ലഹരികടത്തു പിടിക്കാനോ, ഇത്തരം കേസുകൾ ആഴത്തിൽ അന്വേഷിക്കാനോ ജില്ലാ പൊലീസ് മേധാവികൾ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്നും ലോക്നാഥ് ബെഹ്റയുടെ കുറ്റപ്പെടുത്തൽ. ലഹരികടത്തു തടയാൻ ഐജിയുടെ നേതൃത്വത്തിൽ റേഞ്ച് തലത്തിൽ സ്പെഷൽ സ്ക്വാഡ് രൂപീകരിക്കണമെന്നു ഡിജിപി നിർദേശം നൽകി. റേഞ്ചിലെ ലഹരിപിടിത്തവും അന്വേഷണവും ഇനി മുതൽ ഐജിയുടെ നേരിട്ടുള്ള ഉത്തരവാദിത്തമായിരിക്കും.

നിലവിൽ ലഹരിവസ്തുക്കൾ പിടികൂടാൻ എല്ലാ പൊലീസ് ജില്ലകളിലും ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നർക്കോട്ടിക് സെൽ ഉണ്ട്. ഇതിനു പുറമേ, ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സ് എല്ലാ ജില്ലകളിലും രൂപീകരിക്കാൻ പൊലീസ് ആസ്ഥാനത്തു നിന്നു നിർദേശിച്ചെങ്കിലും ഫലപ്രദമായില്ലെന്നാണു വിലയിരുത്തൽ. പൊലീസ് പിടിക്കുന്ന ലഹരിക്കേസുകൾ വളരെ കുറവാണെന്നും പിടിക്കുന്ന കേസുകളിൽ ഉറവിടത്തിലേക്ക് അന്വേഷണം പോകുന്നില്ലെന്നും ഡിവൈഎസ്പിമാർ മുതൽ ഐജിമാർ വരെയുള്ളവർക്കയച്ച സന്ദേശത്തിൽ ‍ഡിജിപി കുറ്റപ്പെടുത്തുന്നു. 

ലഹരി കടത്തുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണം കാര്യക്ഷമമല്ല. ഈ പശ്ചാത്തലത്തിലാണ് ഒന്നോ, രണ്ടോ ഡിവൈഎസ്പിമാരെ ഉൾപ്പെടുത്തി റേഞ്ച്തലത്തിൽ സ്പെഷൽ സ്ക്വാഡ് രൂപീകരിക്കണമെന്ന നിർദേശം. സ്ക്വാഡിനു സ്വന്തമായി രഹസ്യാന്വേഷണ വിഭാഗവും വേണം. റേഞ്ച് മുഴുവൻ സ്ക്വാഡിന് അധികാര പരിധിയുണ്ടാകും. ലഹരി പിടിക്കുന്ന സംഭവങ്ങളിൽ, അന്വേഷണത്തിന് ലോക്കൽ പൊലീസിനെ സഹായിക്കുകയും വേണം. അതേസമയം, ലഹരികടത്തു തടയാൻ ജില്ലാതലത്തിൽ നിലവിലുള്ള സംവിധാനം കൂടുതൽ കാര്യക്ഷമമായി തുടരണമെന്നും ഡിജിപി നിർദേശിക്കുന്നു. 

ലഹരി കടത്തുകാരുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതിന് ഇന്റലിജൻസ് എഡിജിപി സംസ്ഥാന തലത്തിൽ പ്രത്യേക ടീമിനെ നിയോഗിക്കും. ഭരണവിഭാഗം ഐജി എല്ലാ മാസവും ലഹരിക്കേസുകളുടെ വിവരം ശേഖരിച്ചു ഡിജിപിയെ അറിയിക്കണമെന്നും നിർദേശമുണ്ട്. ലഹരികടത്തു പിടിക്കുന്നതിനു നിയോഗിക്കപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവികൾ മറ്റു ജോലികൾക്ക് ഉപയോഗിക്കരുത്. എക്സൈസ് ഉദ്യോഗസ്ഥരുമായി ജില്ലാ പൊലീസ് മേധാവികൾ സ്ഥിരമായ ആശയവിനിമയം നടത്തണമെന്നും ഡിജിപി നിർദേശിക്കുന്നു.