Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാശാല ബാബുവിന്റെ സംസ്കാരം ഇന്ന്

Kalasala-Babu

കൊച്ചി∙ അന്തരിച്ച നടൻ കലാശാല ബാബുവിന്റെ (68) സംസ്കാരം ഇന്നു വൈകിട്ട് 6.30നു തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് 12.30 മുതൽ 4.30നു വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്നു വസതിയായ എസ്എൻ ജംക്‌ഷനിലെ റോയൽ ഗാർ‍ഡൻസ് അപ്പാർട്മെന്റിലേക്കു കൊണ്ടുപോകും. അവിടെ ചടങ്ങുകൾക്കു ശേഷമാണു സംസ്കാരം.

അയർലൻ‍ഡിലുള്ള മകൻ വിശ്വനാഥ് ഇന്ന് ഉച്ചയ്ക്ക് എത്തും. അമേരിക്കയിലായിരുന്ന മകൾ ശ്രീദേവി ബാബുവിനു രോഗം ഗുരുതരമായതിനെ തുടർന്നു നാട്ടിലെത്തിയിരുന്നു. മലയാള സിനിമയിൽ വില്ലൻ വേഷങ്ങൾക്കു പുത്തൻ ഭാവതലം സമ്മാനിച്ച കലാശാല ബാബുവിന്റെ അന്ത്യം ഇന്നലെ പുലർച്ചെ 12.45ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു.

കഴിഞ്ഞ ഡിസംബറിൽ ഹൃദ്‌രോഗ ചികിൽസയ്ക്കിടെ ഉണ്ടായ പക്ഷാഘാതത്തെ തുടർന്ന് ചികിൽസയിലായിരുന്ന അദ്ദേഹത്തെ രണ്ടാഴ്ച മുൻപാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാടക രംഗത്തു നിന്നു ടിവി സീരിയലുകളിലേക്കും അവിടെ നിന്ന് സിനിമയിലേക്കും എത്തിയ കലാശാല ബാബു അൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ‘കലിപ്പ്’ ആണ് അവസാനം അഭിനയിച്ച ചിത്രം. ‘ക്വീൻ’ ആണ് അവസാനമായി തിയറ്ററിലെത്തിയ സിനിമ.