Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോളർ റിപ്പോർട്ട്: ഉമ്മൻ ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും ഹർജിയിൽ വിധി ഇന്ന്

കൊച്ചി∙ സോളർ കമ്മിഷൻ റിപ്പോർട്ടിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ ഹർജികളിൽ ഹൈക്കോടതി ഇന്നു വിധി പറയും. കമ്മിഷൻ നടപടികളിലെ അപാകതകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. സോളർ കേസ് പ്രതിയായ സരിതയുടെ കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയ കമ്മിഷൻ, സർക്കാർ ഏൽപിച്ച പരിഗണനാവിഷയങ്ങൾ മറികടന്നുവെന്നാണ് ഉമ്മൻ ചാണ്ടിയുടെ പ്രധാന ആക്ഷേപം. 

പരിഗണനാവിഷയങ്ങൾ വിപുലപ്പെടുത്തിയ കമ്മിഷൻ നടപടി നിയമപരമല്ലെന്നും വാദിച്ചു. കമ്മിഷന്റെ പരാമർശങ്ങൾ തന്റെ സൽക്കീർത്തിയെ ബാധിക്കുന്നതും അനാവശ്യവും മൗലികാവകാശ ലംഘനവുമാണെന്നു തിരുവഞ്ചൂരിന്റെ ഹർജിയിൽ പറയുന്നു. റിപ്പോർട്ട് കിട്ടിയതിനു തൊട്ടുപിന്നാലെ സർക്കാർ തിടുക്കപ്പെട്ട് അപകീർത്തികരമായ പത്രക്കുറിപ്പ് ഇറക്കിയെന്നും ആക്ഷേപമുണ്ട്. 

സോളർ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ പരിഗണനാവിഷയങ്ങൾ മറികടന്നിട്ടില്ലെന്നാണു സർക്കാരിന്റെ പ്രധാന വാദം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണു കമ്മിഷനെ നിയോഗിച്ചതെന്നും നടപടികളോടു പൂർണമായും സഹകരിച്ചശേഷം കമ്മിഷന്റെ രൂപീകരണത്തെ ചോദ്യംചെയ്യുന്നതു നിയമപരമായി നിലനിൽക്കില്ലെന്നും സർക്കാർ ബോധിപ്പിച്ചു.