ധരംശാല ടെസ്റ്റ്: ഇന്ത്യ ആറിന് 248; പൂജാരയ്ക്കും രാഹുലിനും അർധസെഞ്ചുറി, ലയണിന് നാലു വിക്കറ്റ്

വൃദ്ധിമാൻ സാഹയും രവീന്ദ്ര ജഡേജയും മൽസരത്തിനിടെ.

ധരംശാല∙ ഒാസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ പതറുന്നു. രണ്ടാം ദിനം മൽസരം അവസാനിപ്പിച്ചപ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 248 റൺസ് എടുത്തിട്ടുണ്ട്. 300 റൺസാണ് ഒാസ്ട്രേലിയ നേടിയത്. അവസാന സെഷനിൽ ഒാസിസിന്റെ ലയൺ നാലുവിക്കറ്റ് വീഴ്ത്തിയാണു മൽസരം തിരിച്ചു പിടിച്ചത്. ഒാരോ ദിവസം കഴിയുംതോറും പിച്ച് ബൗളർമാർക്കു പിന്തുണ നൽകുകയാണ്.

അർധസെഞ്ചുറി നേടിയ കെ.എൽ. രാഹുലിന്റെയും (60) ചേതേശ്വർ പൂജാരയുടെ(57)യും മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. 46 റൺസുമായി അജങ്ക്യ രഹാനെയും 30 റൺസുമായി ആർ. അശ്വിനും പിടിച്ചു നിൽക്കാൻ ശ്രമിച്ചു. 10 റൺസുമായി വൃദ്ധിമാൻ സാഹയും 16 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഒാസീസിനായി ലയൺ നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഹെയ്‍സൽവുഡും കമ്മിൻസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഒന്നാംദിനം 300 റണ്‍സില്‍ ഒാസീസിനെ ഇന്ത്യ എറിഞ്ഞിട്ടിരുന്നു. പുതുമുഖം കുൽദീപ് യാദവിന്റെ നാലുവിക്കറ്റ് പ്രകടനമാണ് ഒാസീസിനെ 300 റൺസിൽ ഒതുക്കാൻ ഇന്ത്യയെ സഹായിച്ചത്. സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയും മാത്യു വെയ്ഡിന്റെയും ഡേവിഡ് വാര്‍ണറുടെയും അര്‍ധസെഞ്ചുറിയാണ് ഓസീസിനെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്.