sections
MORE

അഴിമതി വേണ്ട, ആ പാപം ചെയ്യരുത്: പ്രതിജ്ഞ ഓര്‍ത്തെടുത്ത് നരേന്ദ്ര മോദി

HIGHLIGHTS
  • അമ്മയുടെ വാക്കുകൾ ഏറെ സ്വാധീനിച്ചതായി മോദി
  • ഗുജറാത്തിലേക്കു തിരികെയെത്തിയതാണു വലിയ കാര്യമെന്ന് അമ്മ
narendra-modi-mother
പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്മ ഹീരാബെൻ മോദിക്കൊപ്പം
SHARE

മുംബൈ∙ ജീവിതത്തിലൊരിക്കലും അഴിമതി നടത്തില്ലെന്നു പ്രതിജ്ഞ ചെയ്യാൻ അമ്മ ആവശ്യപ്പെട്ടിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മയാണ് ഇക്കാര്യം ഉറപ്പു നൽകാൻ ആവശ്യപ്പെട്ടത്. ഒരിക്കലും ആ പാപം ചെയ്യരുതെന്ന് അമ്മ എന്നോടു പറഞ്ഞു. അമ്മയുടെ വാക്കുകൾ എന്നെ ഏറെ സ്വാധീനിച്ചു– ഹ്യൂമൻസ് ഓഫ് ബോംബെയ്ക്കു നൽകിയ അഭിമുഖത്തിലാണു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ അമ്മയ്ക്കു താൻ പ്രധാനമന്ത്രിയായതിനെക്കാൾ വലിയ കാര്യം ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തിയതാണെന്നും മോദി വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രിയായതാണ് അമ്മ കൂടുതൽ പ്രാധാന്യത്തോടെ കണ്ടത്. ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുൻപ് അമ്മയെ കാണാൻ പോയിരുന്നു. ആ സമയത്തു ന്യൂഡൽഹിയിലാണു ഞാൻ താമസിച്ചിരുന്നത്. അമ്മ സഹോദരന്റെ കൂടെയായിരുന്നു. അഹമ്മദാബാദിൽ അപ്പോൾ ആഘോഷങ്ങള്‍ തുടങ്ങി. അമ്മയുടെ മകൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന കാര്യം അവർക്ക് അറിയാം.

അമ്മ എന്നെ നോക്കി, പിന്നീടു കെട്ടിപ്പിടിച്ചു. നീ ഗുജറാത്തിലേക്കു തിരികെയെത്തിയതാണു വലിയ കാര്യമെന്നു പറഞ്ഞു. അതാണ് അമ്മയുടെ സ്വഭാവം. ചുറ്റും എന്തു നടക്കുന്നുവെന്നത് അവര്‍ക്കു പ്രധാനപ്പെട്ടതല്ല. മക്കളെ ചേർത്തുനിർത്തുകയെന്നതാണ് എപ്പോഴും അവരുടെ ആവശ്യം. നീ എന്തു ചെയ്യുന്നു എന്നെനിക്കു മനസ്സിലാകില്ല. പക്ഷേ അഴിമതി ഒരിക്കലും നടത്തില്ലെന്ന് എനിക്ക്് ഉറപ്പു നൽകണം. ഒരിക്കലും ആ പാപം ചെയ്യരുത്. ആ വാക്കുകൾ എന്നെ ഏറെ സ്വാധീനിച്ചു. സുഖസൗകര്യങ്ങളൊന്നും അനുഭവിച്ചിട്ടില്ലാത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞ ഒരു സ്ത്രീയാണ് ഒരിക്കലും അഴിമതി നടത്തരുതെന്ന് എന്നോടു പറഞ്ഞത്– പ്രധാനമന്ത്രി വ്യക്തമാക്കി.

പണ്ട് എനിക്ക് എവിടെയെങ്കിലും സാധാരണ ജോലി കിട്ടിയെന്നറിഞ്ഞാൽ അമ്മ ഗ്രാമത്തിൽ മുഴുവൻ മധുര വിതരണം നടത്തും. അതുകൊണ്ടു മുഖ്യമന്ത്രി സ്ഥാനമോ മറ്റു സ്ഥാനങ്ങളോ അവർക്കു കാര്യമല്ല. ആ സ്ഥാനത്ത് ഇരിക്കുന്നയാൾ സത്യസന്ധനായിരിക്കാൻ പരിശ്രമിക്കുകയും രാജ്യത്തിനു വേണ്ടി പ്രവർത്തിക്കണമെന്നതുമാണു പ്രധാനം– മോദി നിലപാടറിയിച്ചു.

2014ൽ പ്രധാനമന്ത്രിയാകുന്നതിനു മുൻപ് 13 വർഷക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി. പിറന്നാൾ ഉൾപ്പെടെയുള്ള പ്രധാന ദിവസങ്ങളിലും ഗുജറാത്ത് സന്ദർശന വേളകളിലും പ്രധാനമന്ത്രി അമ്മ ഹീരാബെൻ മോദിയെ കാണാനെത്താറുണ്ട്. ഹ്യൂമൻസ് ഓഫ് ബോംബെയുടെ അഭിമുഖത്തിന്റെ നാലാമതു ഭാഗമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആകെ അഞ്ച് ഭാഗമാണ് അഭിമുഖം. നേരത്തേയുള്ള ഭാഗങ്ങളില്‍ കുട്ടിക്കാലവും ബിജെപി, ആർഎസ്എസ് സംഘടനകളുമായുള്ള അടുപ്പവും, ഹിമാലയ വാസവുമാണു പ്രധാനമന്ത്രി വിവരിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA