‘വീട്ടിൽ 4 ബാലികമാർ, കുട്ടിക്കടത്തെന്നു സംശയം’; ഭാനുപ്രിയയ്ക്ക് പുതിയ കുരുക്ക്

Actress-Bhanupriya
നടി ഭാനുപ്രിയ
SHARE

ചെന്നൈ ∙ ബാലികയെ വീട്ടുജോലിക്കു നിർത്തി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന നടി ഭാനുപ്രിയക്കെതിരെ പുതിയ വെളിപ്പെടുത്തൽ. ചെന്നൈ ടി നഗറിലെ വീട്ടിൽ പ്രായപൂർത്തിയാകാത്ത മറ്റു മൂന്നു പെൺകുട്ടികളെ കൂടി കണ്ടെത്തിയെന്നും കുട്ടിക്കടത്തിന്റെ ഭാഗമാണിതെന്നു സംശയിക്കുന്നുവെന്നുമാണ് ആരോപണം. പതിനാലുകാരിയെ വീട്ടുജോലിക്കു നിർത്തി പീഡിപ്പിച്ചെന്നാണു നടിക്കെതിരെ ആദ്യമുയർന്ന പരാതി. നടിയെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടി ആവശ്യപ്പെട്ടു ബാലാവകാശ പ്രവർത്തകൻ അച്യുത റാവു ദേശീയ, സംസ്ഥാന ബാലാവകാശ കമ്മിഷനുകൾക്കു കത്തയച്ചു. ദേശീയ ബാലാവകാശ കമ്മിഷൻ ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ് നടത്താൻ ഉത്തരവിട്ടു.

റെയ്ഡിനു പിന്നാലെയാണു അച്യുത റാവുവിന്റെ വെളിപ്പെടുത്തൽ. ഭാനുപ്രിയയുടെ വീട്ടിൽ പരാതിയിൽ പറയുന്നതുൾപ്പെടെ പ്രായപൂർത്തിയാകാത്ത നാലു പെൺകുട്ടികളെ കണ്ടെത്തിയതായി റാവു പറഞ്ഞു. കുട്ടിക്കടത്തിന്റെ ഭാഗമാണിതെന്നു സംശയിക്കുന്നു, കുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. നടിയും അവരുടെ അമ്മയും ബാലാവകാശങ്ങൾ ലംഘിച്ചു. ആന്ധ്രപ്രദേശിൽനിന്നു ചെന്നൈയിലേക്ക് ഒരേ ഇടനിലക്കാരനാണു കുട്ടികളെ എത്തിച്ചതെന്നതു മനുഷ്യക്കടത്തിന്റെ സാധ്യത കൂട്ടുന്നു– റാവു ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ബാലവേല നിരോധന പ്രകാരമാണു നടിക്കെതിരെ പരാതി. പതിനാലു വയസിനു താഴെയുളള കുട്ടികളെ വീട്ടുജോലിക്കു നിർത്തുന്നതു രണ്ടു വർഷം തടവും 50,000 രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്. ആരോപണങ്ങൾ ഉയർന്നപ്പോൾ പെൺകുട്ടിയുടെ പ്രായം തനിക്കറിയില്ല എന്നായിരുന്നു ഭാനുപ്രിയയുടെ നിലപാട്. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുളള പ്രഭാവതിയെന്ന സ്ത്രീയാണു നടിക്കെതിരെ രംഗത്തെത്തിയത്. തന്റെ 14 വയസ്സുള്ള മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയെന്നും ക്രൂരമായി പീഡിപ്പിച്ചെന്നുമാണു സമാൽകോട്ട പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകിയത്.

മാസം 10,000 രൂപ ശമ്പളത്തിലാണ് ഏജന്റ് വഴി പെൺകുട്ടി ഭാനുപ്രിയയുടെ അടുത്തെത്തുന്നത്. ചെന്നൈയിലെ വീട്ടിൽ ഭാനുപ്രിയ പെൺകുട്ടിയെ ജോലിക്കു നിർത്തിയിരുന്നു. 18 മാസത്തോളം ശമ്പളം നിഷേധിക്കുകയും മറ്റുതരത്തിൽ പീഡിപ്പിക്കുകയും ചെയ്തു. മാസങ്ങളായി കുടുംബവുമായി ബന്ധപ്പെടാനുളള അവസരവും നിഷേധിച്ചു. ഭാനുപ്രിയയുടെ സഹോദരൻ ഗോപാലകൃഷ്ണൻ പെൺകുട്ടിയെ ഉപദ്രവിച്ചതായി അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണു വീട്ടുകാർ ചെന്നൈയിലെത്തിയത്. പെൺകുട്ടിയെ വിട്ടുകിട്ടണമെങ്കിൽ 10 ലക്ഷം രൂപ ഭാനുപ്രിയ ആവശ്യപ്പെട്ടതായും മാതാവ് പരാതിയിൽ പറയുന്നു.

പെൺകുട്ടി തങ്ങളുടെ വീട്ടിൽനിന്ന് ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചെന്നു ഭാനുപ്രിയ സമാൽകോട്ട സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മോഷണകേസിൽ പരാതി നൽകിയപ്പോൾ കുടുംബം തനിക്കെതിരെ രംഗത്തു വരികയായിരുന്നു എന്നായിരുന്നു ഭാനുപ്രിയ പറയുന്നത്. തെലുങ്ക്, തമിഴ്, മലയാളം സിനിമകളിലൂടെ പ്രശസ്തയാണ് 52കാരിയായ ഭാനുപ്രിയ. നടിയുടെ സഹോദരനെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA