സര്‍ക്കാരിനു തിരിച്ചടി; മീനമ്പാറ എസ്റ്റേറ്റ് ബംഗ്ലാവ് തിരിച്ചുനൽകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി∙ നെല്ലിയാമ്പതി ഭൂമിക്കേസില്‍ സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി. സര്‍ക്കാര്‍ ഒഴിപ്പിച്ചെടുത്ത മീനമ്പാറ എസ്റ്റേറ്റിലെ ബംഗ്ലാവ് നെല്ലിയാമ്പതി പ്ലാന്‍റേഷന്‍സിനു തിരിച്ചുനല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ബംഗ്ലാവ് വനഭൂമിയിലാണെന്ന സര്‍ക്കാര്‍ വാദം കോടതി തളളി. 

നെല്ലിയാമ്പതി പ്ലാന്‍റേഷന്‍സിന്‍റെ മീനമ്പാറ എസ്റ്റേറ്റിലെ ബംഗ്ലാവ് പതിനഞ്ചുദിവസത്തിനകം തിരിച്ചുനല്‍കണമെന്നാണ് കോടതി ഉത്തരവ്. എന്നാൽ, 2013ല്‍ ഏറ്റെടുത്തത് ബംഗ്ലാവല്ലെന്നും തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന ഷെഡ് മാത്രമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. പക്ഷെ, തങ്ങളുടെ ഉടമസ്ഥതയിലുളള കെട്ടിടം ഉടന്‍ വിട്ടുകിട്ടണമെന്ന നെല്ലിയാമ്പതി പ്ലാന്‍റേഷന്‍സിന്‍റെ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. കെട്ടിടം നില്‍ക്കുന്നത് വനഭൂമിയിലാണെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല.

നെല്ലിയാമ്പതി പ്ലാന്‍റേഷന്‍സില്‍നിന്ന് ഒഴിപ്പിച്ചെടുത്ത മീനമ്പാറയിലെ 200 ഏക്കര്‍ ഭൂമി അളന്നുതിട്ടപ്പെടുത്താന്‍ കഴിയുമോയെന്ന് ജസ്റ്റിസുമാരായ മദന്‍ ബി.ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാരിനോട് ആരാഞ്ഞു. ആറുമാസമെങ്കിലും സമയം വേണമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. മീനമ്പാറ എസ്റ്റേറ്റിലെ കെട്ടിടം ഒഴിപ്പിച്ചെടുത്ത വിഷയത്തില്‍ നെല്ലിയാമ്പതി പ്ലാന്‍റേഷന്‍സിന് അനുകൂലമായി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.