കരുൺ മിന്നി; ഡൽഹി നേടി; പുണെയ്ക്കെതിരെ ഡൽഹിയുടെ ജയം ഏഴു റൺസിന്

പുണെയ്ക്കെതിരെ കരുൺ നായരുടെ ബാറ്റിങ്.

ന്യൂഡൽഹി ∙ ജയിച്ചതുകൊണ്ട് യാതൊരു കാര്യവുമില്ലാതിരുന്നിട്ടും ഡൽഹി വിജയിച്ചു. ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ഡെയർ ഡെവിൾസിനോട് ഏഴു റൺസിനു തോറ്റതോടെ പുണെയുടെ പ്ലേ ഓഫ് യോഗ്യതാ കാത്തിരിപ്പു തുടരുന്നു. ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പാക്കാമായിരുന്ന പോരാട്ടത്തിൽ കടുത്ത പിരിമുറുക്കത്തിനൊടുവിലാണ് റൈസിങ് പുണെ സൂപ്പർ ജയന്റ് തോൽവി സമ്മതിച്ചത്.

കമ്മിൻസ് എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 25 റൺസ് വേണ്ട പുണെ, ആദ്യ രണ്ടു പന്തുകളും മനോജ് തിവാരി സിക്സറടിച്ചതോടെ വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ 17 റൺസെടുക്കാനേ അവർക്കു കഴിഞ്ഞുള്ളു. 45 പന്തിൽ 60 റൺസെടുത്ത തിവാരി, അവസാന പന്തിൽ ക്ലീൻബോൾഡായി. ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് (32 പന്തിൽ 38), ബെൻ സ്റ്റോക്സ് (25 പന്തിൽ 33) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

ധോണി അഞ്ചു റൺ‌സിൽ പുറത്തായി. മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ ഇടം പിടിച്ചതൊഴിച്ചാൽ ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങളിലേക്കുള്ള പോരാട്ടം പുണെയുടെ തോൽവിയോടെ ശക്തമായി. നേരത്തേ, മലയാളി താരം കരുൺ നായരുടെ മികവിലാണ് ഡൽഹി എട്ടു വിക്കറ്റിനു 168 റൺസ് കുറിച്ചത്.

സഞ്ജു സാംസന്റെയും (രണ്ട്) ശ്രേയസ് അയ്യരുടെയും (മൂന്ന്) വിക്കറ്റുകൾ 13 പന്തിനകം നഷ്ടപ്പെട്ടിട്ടും ടീമിനെ പിടിച്ചുകയറ്റിയ കരുൺ നായരാണു ഡൽഹിയുടെ താരം. 45 പന്തു നേരിട്ട കരുൺ 64 റൺസെടുത്തു. ഋഷഭ് പന്ത് (22 പന്തിൽ 36), മർലോൻ സാമുവൽസ് (21 പന്തിൽ 27) എന്നിവരും മികവുകാട്ടി. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ജയദേവ് ഉനദ്കട്ടും ബെൻ സ്റ്റോക്സും പുണെ ബോളിങ്ങിൽ തിളങ്ങി.

ഒന്നിനൊന്നു മികച്ച ക്യാച്ചുകളുടെ പെരുമഴയായിരുന്നു പുണെ ഫീൽഡിങ്. സാമുവൽസിനെ പുറത്താക്കാൻ എം.എസ്.ധോണി പറന്നെടുത്ത വലംകൈ ക്യാച്ചും കരുൺ നായരെ പുറത്താക്കാൻ ഉനദ്കട്ട് ഡൈവ് ചെയ്തെടുത്ത ക്യാച്ചും മികവിന്റെ കാഴ്ചയായി. അതിലും മികച്ചതായിരുന്നു അവസാന ഓവറിലെ അഞ്ചാം പന്തിൽ മുഹമ്മദ് ഷമിയെ പുറത്താക്കാൻ ബൗണ്ടറി ലൈനിൽ ബെൻ സ്റ്റോക്സ് എടുത്ത അസാധ്യ ക്യാച്ച്.