മൂന്നാറിൽ വീട്ടമ്മയെ മോഴയാന തട്ടിയെറിഞ്ഞു; വഴിമുടക്കി കാട്ടുകൊമ്പനും

മൂന്നാർ∙ കണ്ണൻദേവൻ കമ്പനി അരുവിക്കാട് എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽനിന്നു വീട്ടമ്മ തലനാരിഴയ്ക്കു രക്ഷപെട്ടു. മുനിയാണ്ടിയുടെ ഭാര്യ പേച്ചിയമ്മയാണു (55) ചൊവ്വാഴ്ച രാത്രി കാട്ടാനയിൽനിന്നു രക്ഷപെട്ടത്. തമിഴ്നാട്ടിൽനിന്നു മൂന്നാറിൽ മടങ്ങിയെത്തിയശേഷം ഊടുവഴിയിലൂടെ വീട്ടിലേക്കു ഭർത്താവുമൊത്തു നടക്കുന്നതിനിടെയാണു വളവിലുണ്ടായിരുന്ന മോഴയാന കാലുകൊണ്ടു പേച്ചിയമ്മയെ തട്ടിയെറിഞ്ഞത്.

മുനിയാണ്ടി ഇവരെ കോരിയെടുത്തു തോളിലിട്ട ശേഷം രക്ഷപെട്ടോടി. പരുക്കേറ്റ പേച്ചിയമ്മയെ ആദ്യം അരുവിക്കാട് എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷ നൽകി. തുടർന്നു മൂന്നാർ ടാറ്റാ ടീ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ പുറത്തിറങ്ങി. അപ്പോളൊരു കൊമ്പനാന ആശുപത്രിഗേറ്റിനു മുന്നിൽ ഒരുമണിക്കൂറോളം നിലയുറപ്പിച്ചതിനാൽ പോകാൻ കഴിഞ്ഞില്ല. 

കൊമ്പനാന മടങ്ങിയ ശേഷമാണു പേച്ചിയമ്മയെ ആശുപത്രിലേക്കു കൊണ്ടുപോയത്. പേച്ചിയമ്മയുടെ നട്ടെല്ലിനു പരുക്കുണ്ട്. ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിസയിലാണ്.