ചാംപ്യൻസ് ട്രോഫി: ന്യൂസീലൻഡിനെതിരെ ബംഗ്ലദേശിന് ഉജ്വല ജയം

ന്യൂസീലൻഡ് ബാറ്റ്സ്മാൻ ജെയിംസ് നീഷാമിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുന്ന ബംഗ്ലദേശ് വിക്കറ്റ് കീപ്പർ മുഷ്ഫിഖർ റഹീം

കാർഡിഫ് ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ നിർണായക മൽസരത്തിൽ ന്യൂസീലൻഡിനെതിരെ ബംഗ്ലദേശിനു അഞ്ചു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് ന്യൂസീലൻഡ് കുറിച്ച 265 റൺസ് 47.2 ഓവറിൽ ബംഗ്ലദേശ് മറികടന്നു. സെഞ്ചുറി നേടിയ ഷാക്കിബ് അൽഹസനും (114) മഹ്മദുല്ലയുമാണ് (102) ബംഗ്ലദേശിന് നിർണായക വിജയം സമ്മാനിച്ചത്. എ ഗ്രൂപ്പിൽ മൂന്നു പോയിന്റോടെ ബംഗ്ലദേശ് സെമി പ്രതീക്ഷ സജീവമാക്കി.

നേരത്തെ, ബാറ്റിങ് ഓൾറൗണ്ടർ മൊസാദെക് ഹുസൈൻ വെറും 13 റൺസിനു മൂന്നു വിക്കറ്റ് നേടിയതു കിവീസ് കുതിപ്പിനു കടിഞ്ഞാണിട്ടു. 21 വയസ്സുകാരൻ മൊസാദെക് വെറും 12 പന്തുകൾക്കിടെയാണു മൂന്നു വിക്കറ്റുമായി ന്യൂസീലൻഡ് ബാറ്റിങ് നിരയെ പ്രതിരോധിച്ചത്. 44–ാം ഓവറിൽ നീൽ ബ്രൂം (36), കോറി ആൻഡേഴ്സൺ (പൂജ്യം) എന്നിവരുടെ വിക്കറ്റെടുത്ത മൊസാദെക് 46–ാം ഓവറിൽ ജയിംസ് നീഷമിനെയും (23) പുറത്താക്കി. അവസാന പത്ത് ഓവറിൽ ന്യൂസീലൻഡിനു നേടാൻ കഴിഞ്ഞത് 62 റൺസ് മാത്രം.

ടോസ് നേടി ബാറ്റിങ്ങെടുത്ത ന്യൂസീലൻഡ് മുൻനിര മികച്ച തുടക്കമാണു നൽകിയത്. കെയ്ൻ വില്യംസൺ 69 പന്തുകളിൽ 57 റൺസും റോസ് ടെയ്‌ലർ 82 പന്തുകളിൽ 63 റൺസും നേടി. വമ്പൻ സ്കോറിനുള്ള അടിത്തറയൊരുക്കാൻ കഴിഞ്ഞെങ്കിലും വിക്കറ്റുകൾ തുടർച്ചയായി നിലംപൊത്തിയതു തിരിച്ചടിയായി. കിവീസ് 39 ഓവർ അവസാനിക്കുമ്പോൾ മൂന്നു വിക്കറ്റിന് 201 റൺസിൽ എത്തിയിരുന്നു. 40 ഓവറിൽ നാലു വിക്കറ്റിന് 203 റൺസ്. പിന്നീടും വിക്കറ്റുകൾ നിലംപതിച്ചതു പ്രതീക്ഷകൾക്കു തിരിച്ചടിയായി.

മറുപടി ബാറ്റിങിൽ ബംഗ്ലദേശിന്റെ തുടക്കം പതർച്ചയോടെ. അഞ്ചാം ഓവറിൽ മൂന്നിന് 12 എന്ന പരിതാപകരമായ നിലയിലായിരുന്നു അവർ. സ്കോർ 33ൽ എത്തിയപ്പോൾ നാലാം വിക്കറ്റും നഷ്ടമായി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഷാക്കിബും മഹ്മദുല്ലയും ചേർന്നെടുത്ത 224 റൺസ് കൂട്ടുകെട്ട് അവരെ വിജയത്തിലേക്കു നയിച്ചു. ഷാക്കിബ് 115 പന്തിൽ 11 ഫോറും ഒരു സിക്സുമടിച്ചു. മഹ്മദുല്ല 107 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും. ന്യൂസീലൻഡിനു വേണ്ടി ടിം സൗത്തി മൂന്നു വിക്കറ്റ് വീഴ്ത്തി. 

സ്കോർ ബോർഡ്

ന്യൂസീലൻഡ് 

ഗപ്റ്റിൽ എൽബി ബി റൂബൽ ഹുസൈൻ – 33, ലൂക്ക് റോങ്കി സി മുസ്തഫിസുർ റഹ്മാൻ ബി തസ്കിൻ അഹമ്മദ് – 16, കെയ്ൻ വില്യംസൺ റണ്ണൗട്ട് – 57, റോസ് ടെയ്‌ലർ സി മുസ്തഫിസുർ റഹ്മാൻ ബി ടസ്കിൻ അഹമ്മദ് – 63, നീൽ ബ്രൂം സി തമിം ഇക്ബാൽ ബി മൊസാദെക് ഹുസൈൻ – 36, ജയിംസ് നീഷം സ്റ്റംപ്ഡ് മുഷ്ഫിഖ്വർ റഹിം ബി മൊസാദെക് ഹുസൈൻ – 23, കോറി ആൻഡേഴ്സൺ എൽബി ബി മൊസാദെക് ഹുസൈൻ – പൂജ്യം, മിച്ചൽ സാന്റ്നർ നോട്ടൗട്ട് – 14, ആദം മിൽനെ ബി മുസ്തഫിസുർ റഹ്മാൻ – ഏഴ്, ടിം സൗത്തി നോട്ടൗട്ട് – പത്ത്.

എക്സ്ട്രാസ് – ആറ്. 

ആകെ 50 ഓവറിൽ എട്ടു വിക്കറ്റിന് 265.

വിക്കറ്റ് വീഴ്ച: 1–46, 2–69, 3–152, 4–201, 5–228, 6–229, 7–240, 8–252.

ബോളിങ്: മുർത്തസ 10–1–45–0, മുഷ്ഫിഖ്വർ റഹ്മാൻ 9–0–52–1, ടസ്കിൻ അഹമ്മദ് 8–0–43–2, റൂബൽ ഹുസൈൻ 10–0–60–1, ഷക്കിബ് അൽ ഹസൻ 10–0–52–0, മൊസാദെക് ഹുസൈൻ 3–0–13–3.