ഛേത്രിയുടെ ഗോളിൽ കിർഗിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമത്

എഎഫ്സി കപ്പ് യോഗ്യതാ റൗണ്ടിൽ കിർഗിസ്ഥാനെതിരെ വിജയിച്ച ഇന്ത്യൻ ടീം.

ബെംഗളൂരു ∙ എഎഫ്സി കപ്പ് യോഗ്യതാ റൗണ്ടിൽ കിർഗിസ്ഥാനെതിരെ ഇന്ത്യയ്ക്കു ജയം. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഗോളിലാണ് ഇന്ത്യ എ ഗ്രൂപ്പിൽ നിർണായക വിജയം നേടിയത്. ജയത്തോടെ ആറു പോയിന്റുമായി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്കു കയറി. സെപ്റ്റംബറിൽ മക്കാവുവിനെതിരെ അവരുടെ നാട്ടിലാണ് ഇന്ത്യയുടെ അടുത്ത മൽസരം.

69–ാം മിനിറ്റിൽ മനോഹരമായ മുന്നേറ്റത്തിനൊടുവിലാണു ഛേത്രി ലക്ഷ്യം കണ്ടത്. കിർഗിസ്ഥാൻ മധ്യനിരയെയും പ്രതിരോധത്തെയും മറികടന്നു കുതിച്ചു കയറിയ ഛേത്രി പന്ത് ജെജെയ്ക്കു നൽകി. എതിർ ഡിഫൻഡർക്കു മുകളിലൂടെ ജെജെ ലോബ് ചെയ്തു നൽകിയ പന്ത് ഛേത്രി ഒട്ടും സമയംകളയാതെ ഗോൾ പോസ്റ്റിന്റെ താഴെ മൂലയിലേക്കു പായിച്ചു. 

ആദ്യ കളിയിൽ മ്യാൻമറിനെതിരെ അവരുടെ നാട്ടിൽ ഇന്ത്യ 1–0നു ജയിച്ചിരുന്നു. ഛേത്രി തന്നെയാണ് അന്നും ഗോൾ നേടിയത്. ഫിഫ റാങ്കിങിൽ നിലവിൽ ഇന്ത്യയെക്കാൾ പിന്നിലാണെങ്കിലും ഗ്രൂപ്പിലെ കരുത്തരായ കിർഗിസ്ഥാനെതിരെയുള്ള ജയം ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം പകരുന്നതാണ്.