ഗർഭിണികൾക്കുള്ള ആയുഷ് മന്ത്രാലയത്തിന്റെ ഉപദേശത്തിനെതിരെ പ്രതിഷേധം

ന്യൂഡൽഹി ∙ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുത്, മാംസാഹാരം കഴിക്കരുത് തുടങ്ങി ഗര്‍ഭിണികള്‍ക്കുള്ള കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ ഉപദേശങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിനു പകരം പൊതുഖജനാവിലെ പണം ഉപയോഗിച്ച് സര്‍ക്കാര്‍ അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ആരോപിച്ചു.

നല്ല കുഞ്ഞ് ജനിക്കാനുള്ള മാര്‍ഗനിര്‍ദേശമെന്ന നിലയില്‍ രാജ്യാന്തരയോഗ ദിനത്തിന്‍റെ മുന്നോടിയായി കേന്ദ്ര ആയുഷ് മന്ത്രാലയം പുറത്തിറക്കിയ ലഘുലേഖയാണ് വിവാദത്തിലായിരിക്കുന്നത്. ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാച്ചുറോപ്പതിയാണ് ലഘുലേഖ തയ്യാറാക്കിയത്. നിര്‍ദേശങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് വിലയിരുത്തല്‍.

ഗര്‍ഭകാലത്ത് സ്ത്രീകള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുതെന്നും, മാംസാഹാരം ഒഴിവാക്കി സസ്യാഹാരികളാകണമെന്നുമാണ് ലഘുലേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍. മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കി ആത്മീയ ചിന്തകള്‍ക്ക് പ്രധാന്യം നല്‍കണം. കിടപ്പുമുറിയില്‍ മനോഹരമായ ചിത്രങ്ങള്‍ തൂക്കണം, ഭോഗം, ക്രോധം, വെറുപ്പ് എന്നിവയില്‍ നിന്ന് അകന്നുനില്‍ക്കണം എന്നിങ്ങനെ പോകുന്നു ഗര്‍ഭണികള്‍ക്കുള്ള ഉപദേശങ്ങള്‍. ഇവ സമൂഹമാധ്യങ്ങളിലടക്കം വലിയ ചര്‍ച്ചയ്ക്കും പരിഹാസത്തിനും വഴിവെച്ചു.

അതേസമയം, ശിശുമരണനിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഉപദേശമാണിതെന്നും, നിര്‍ബന്ധമായും നടപ്പാക്കേണ്ട ഉത്തരവല്ലെന്നും ആയുഷ് മന്ത്രാലയത്തിന്‍റെ വിശദീകരണം.