മോദിയുടെ സന്ദർശനത്തിന് മുൻപ് ബീഫ് ഫെസ്റ്റിവൽ; യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ

representational image

കൊച്ചി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു തൊട്ടുമുൻപ് കൊച്ചിയിൽ ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിക്കാനൊരുങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മോദി എത്തുന്നതിന് മുൻപ് നാവികസേന വിമാനത്താവളത്തിന് പുറത്താണ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. ഇവിടെയാണ് പ്രധാനമന്ത്രി വിമാനം ഇറങ്ങിയത്. ബീഫ് പാചകം ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

കന്നുകാലി കശാപ്പിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെ കേരളത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. പലയിടത്തും യുവജനസംഘടനകളും രാഷ്ട്രീയ കക്ഷികളും ബീഫ് ഫെസ്റ്റിവൽ നടത്തി പ്രതിഷേധിച്ചിരുന്നു.

രാവിലെ 10.15ന് ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഐഎന്‍എസ് ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ,‌‌‌ ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് മെട്രോ യാത്ര നടത്തിയ അദ്ദേഹം ഉദ്ഘാടനവും നടത്തി.