അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ നിർമിത അണക്കെട്ട് ലക്ഷ്യമിട്ട് ഭീകരാക്രമണം; 10 മരണം

സൽമ ഡാം. (ഫയൽ ചിത്രം)

കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞവർഷം ഇന്ത്യ നിർമിച്ച സെൽമ അണക്കെട്ട് ലക്ഷ്യമിട്ട് താലിബാൻ നടത്തിയ ആക്രമണത്തിൽ പത്തു മരണം. അണക്കെട്ടിനു സമീപം സുരക്ഷാജോലിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണ് കൊല്ലപ്പെട്ടത്. സെൽമ അണക്കെട്ടിനു സമീപത്തെ ചെക്ക് പോസ്റ്റിനു നേരെ ശനിയാഴ്ച രാത്രിയാണു ആക്രമണം നടന്നത്. ആക്രമണത്തിൽ 10 പൊലീസുകാർ കൊല്ലപ്പെടുകയും നാലു പേർക്കു പരുക്കേറ്റതായും അഫ്ഗാൻ‌ സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. സേന നടത്തിയ തിരിച്ചടിയിൽ അഞ്ചു തീവ്രവാദികൾ കൊല്ലപ്പെട്ടതായി പടി‍ഞ്ഞാറൻ ഹിറാത് പ്രവിശ്യ ഗവർണറുടെ വക്താവ് ജെലാനി ഫർഹാദ് പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ ഹിറാത് പ്രവിശ്യയിൽ ഇന്ത്യ–അഫ്ഗാൻ സൗഹൃദത്തിന്റെ ഭാഗമായി നിർമിച്ചതാണ് സെൽമ അണക്കെട്ട്. യുദ്ധം തകർത്തു കളഞ്ഞ അഫ്ഗാനിസ്ഥാനെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി 1,700 കോടിയോളം രൂപ മുടക്കി ഇന്ത്യ നിർമിച്ച ഈ ഡാം, 2016 ജൂണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയും സംയുക്തമായാണ് ഉദ്ഘാടനം ചെയ്തത്.

യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ‘അഫ്ഗാൻ മിഷൻ’ പൂർത്തിയാക്കി പിൻവാങ്ങാൻ തുടങ്ങിയതോടെ, അഫ്ഗാനിസ്ഥാനിൽ വീണ്ടും വൻതോതിൽ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് താലിബാൻ ഭീകരർ. ഈദുൽ ഫിത്റിനോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ, രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് സഹകരിക്കാൻ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി, താലിബാൻ ഭീകരരെ ആഹ്വാനം ചെയ്തു.

അതേസമയം, 10 സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം ഇന്ത്യൻ നിർമിത അണക്കെട്ടിനെ ലക്ഷ്യമിട്ടായിരുന്നില്ലെന്ന് അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി മൻപ്രീത് വോഹ്‍റ വ്യക്തമാക്കി. പ്രചാരണം മറിച്ചാണെങ്കിലും ഭീകരർ ലക്ഷ്യമിട്ടത് അണക്കെട്ടിനെയായിരുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. ആക്രമണം നടന്ന സ്ഥലത്തുനിന്ന് ദൂരെയാണ് അണക്കെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൗഹൃദപ്രതീകം ഈ അണക്കെട്ട്

ഇന്ത്യ–അഫ്ഗാൻ സൗഹൃദത്തിലെ നാഴികക്കല്ലായി അഫ്ഗാനിസ്ഥാനിലെ ഹിറാത് പ്രവിശ്യയിൽ ഇന്ത്യ നിർമിച്ച അണക്കെട്ട് 2016 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനിയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ഇറാൻ അതിർത്തിയോടു ചേർന്നു പടിഞ്ഞാൻ ഹിറാത്തിൽ ചിശ്തി ഫെരീഫ് നദിയിലാണ് 1700 കോടിരൂപ മുതൽമുടക്കിൽ 42 മെഗാവാട്ട് വൈദ്യുതി ഉൽപാദിക്കാനാവുന്ന അണക്കെട്ടു നിർമിച്ചത്. 75,000 ഹെക്ടർ കൃഷിഭൂമിയിലെ ജലസേചനത്തിനും അണക്കെട്ടിലെ വെള്ളം ഉപയോഗിക്കും. സെൽമ ഡാം എന്നത് ‘ഇന്ത്യ–അഫ്ഗാൻ ഫ്രണ്ട്ഷിപ് ഡാം’ എന്നു പുനർനാമകരണം ചെയ്യുകയായിരുന്നു. 

പശ്ചിമേഷ്യയിലേക്കുള്ള പൗരാണിക വാണിജ്യപാതയിലാണു ഹിറാത് പട്ടണം സ്ഥിതിചെയ്യുന്നത്. കേന്ദ്ര ജലവിഭവമന്ത്രാലയമാണു പദ്ധതി നടപ്പാക്കിയത്. അണക്കെട്ടു നിർമിക്കാനാവശ്യമായ ഉപകരണങ്ങളും സാധനസാമഗ്രികളും ഇന്ത്യയിൽനിന്നാണു കൊണ്ടുപോയത്. കടൽമാർഗം ഇറാനിലെ ബാന്ദറെ അബാസ് തുറമുഖത്തെത്തിച്ചശേഷം 1200 കിലോമീറ്റർ അഫ്ഗാൻ അതിർത്തിയിലേക്കും തുടർന്നു 300 കിലോമീറ്റർ അകലെ അണക്കെട്ടിലേക്കും റോഡ് മാർഗമാണ് എത്തിച്ചത്. ഇരുരാജ്യങ്ങളിൽ നിന്നുള്ള 1500 എൻജിനീയർമാർ വർഷങ്ങൾ നീണ്ട നിർമാണത്തിൽ പങ്കാളികളായി.