വിരാട് കോഹ്‌ലിയുടെ മികവിൽ ഇന്ത്യയ്ക്ക് ജയം, പരമ്പര

ആഷ്‌ലി നഴ്സിന്റെ ക്യാച്ചെടുത്ത കുൽദീപിനെ ബോളർ ഷമി അഭിനന്ദിക്കുന്നു.

കിങ്സ്റ്റൺ (ജമൈക്ക)∙ ക്യാപ്റ്റൻ വിരാട് കോഹ്‌ലി പുറത്താകാതെ നേടിയ സെഞ്ചുറിയുടെ (111) മികവിൽ വിൻഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ നേടി. (3–1) അഞ്ചാം ഏകദിനത്തിൽ എട്ടു വിക്കറ്റിനാണ് ഇന്ത്യൻ ജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഒൻപതു വിക്കറ്റിന് 205 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 36.5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ദിനേഷ് കാർത്തിക് അൻപതു റൺസുമായി പുറത്താകാതെ നിന്നു. കോഹ്‍ലിയുടെ ഇരുപത്തെട്ടാം ഏകദിന സെഞ്ചുറിയാണിത്.

അഞ്ചാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ച വെസ്റ്റ് ഇൻഡീസിനെ മുഹമ്മദ് ഷമിയും ഉമേഷ് യാദവും ചേർന്ന് 50 ഓവറിൽ ഒൻപതിന് 205ൽ ഒതുക്കി. ഓപ്പണർ കൈൽ ഹോപിന്റെ (46) ഇന്നിങ്സും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഷായ് ഹോപ് ക്ഷമയോടെ നേടിയ അർധസെഞ്ചുറിയും (51) ആണ് വിൻഡീസിനെ ഈ നിലയിലെത്തിച്ചത്. ടീമംഗങ്ങൾ സ്കോറുയർത്താൻ പാടുപെട്ടപ്പോൾ 34 പന്തിൽ 36 റൺസുമായി ആക്രമണത്തിനു മുതിർന്ന ക്യാപ്റ്റൻ ജാസൺ ഹോൾഡ‍റും പിന്നാലെ എത്തിയ റോവ്മാൻ പവലുമില്ലായിരുന്നെങ്കിൽ (32 പന്തിൽ 31) വിൻഡീസ് ഇന്നിങ്സ് 200 കടക്കില്ലായിരുന്നു.

വിൻഡീസ് നിരയിലെ പ്രമുഖരെയെല്ലാം വീഴ്ത്തിയതിന്റെ ക്രെഡിറ്റ് മുഹമ്മദ് ഷമിക്കും (48ന് നാലുവിക്കറ്റ്) ഉമേഷ് യാദവിനും (53ന് മൂന്നുവിക്കറ്റ്) അവകാശപ്പെടാം. പാണ്ഡ്യ, കേദാർ ജാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.പരമ്പരയിൽ, തുടർച്ചയായ അഞ്ചാം തവണയും ടോസ് ലഭിച്ച വിൻഡീസ് ക്യാപ്റ്റൻ ഹോൾഡർ ബാറ്റിങ് തിരഞ്ഞെടുത്തു.