ഫിസിയോതെറപ്പിക്കിടെ എൻഡോസൾഫാൻ‌ ബാധിതനായ കുട്ടിയുടെ കൈകാലുകൾ ഒടിഞ്ഞു

കാസർകോട് ∙ ഫിസിയോതെറപ്പിക്കിടെ എൻഡോസൾഫാൻ ഇരയായ കുട്ടിയുടെ കൈയ്യും കാലും ഒടിഞ്ഞു. കാസർകോട് ജനറൽ ആശുപത്രിയിലാണ് ഗുരുതരമായ ചികില്‍സാ പിഴവ്. ആദൂർ സ്വദേശി അബ്ദുൾ റാസിഖിന്റെ കൈകാലുകളാണ് ചികിൽസക്കിടെ ഒടിഞ്ഞത്. സന്ധിവേദനയെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പന്ത്രണ്ട് വയസുകാരനായ അബ്ദുൾ റാസിഖിനെ ജനറൽ ആശുപത്രിയിൽ ഫിസിയൊതെറാപ്പിക്ക് വിധേയനാക്കിയത്. 

ചികിൽസ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി കൈക്കും, കാലിനും അസഹ്യമായ വേദനയുണ്ടെന്ന് പറഞ്ഞു. തുടർന്ന് തിങ്കളാഴ്ച വീണ്ടും ആശുപത്രിയിൽ എത്തി എക്സറേ എടുത്തു. ഈ പരിശോധനയിലാണ് വലതുകാലിന്റെയും, ഇടത് കൈയ്യുടേയും അസ്ഥികളിൽ പൊട്ടൽ കണ്ടെത്തിയത്.

നീർക്കെട്ട് ഉണ്ടായിരുന്നതുകൊണ്ട് ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് ഇന്നാണ് പ്ലാസ്റ്റർ ഇട്ടത്. അശ്രദ്ധമായി ഫിസിയോതെറാപ്പി ചെയ്തതാണ് കുട്ടിയുെട കൈകാലുകൾ ഒടിയാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

എന്നാൽ ചികിൽസക്കിടെയല്ല കുട്ടിയുടെ കൈകാലുകൾ ഒടിഞ്ഞതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എൻഡോസൾഫാൻ ബാധിതരുടെ അസ്ഥികൾക്ക് ബലക്ഷയമുണ്ട്. അതുകൊണ്ടു തന്നെ ഫിസിയോതെറാപ്പി ചികിൽസ ഏറെ ശ്രദ്ധയോടെയാണ് നടത്തിയതെന്നും അധികൃതർ പറയുന്നു. അബുബക്കർ, റുക്കിയ ദമ്പദികളുടെ മകനാണ് അബ്ദുൾ റാസിഖ്.