അതിർത്തിയിൽ പ്രത്യാക്രമണം നടത്താൻ മടിക്കില്ല: പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ വെടിനിർത്തൽ ധാരണ ലംഘിക്കുന്ന പാക്കിസ്ഥാനെതിരെ പ്രത്യാക്രമണം നടത്താൻ മടിക്കില്ലെന്ന് ഇന്ത്യ. മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ എ.കെ. ഭട്ട് ടെലിഫോണിലാണ് ഇന്ത്യയുടെ ശക്തമായ നിലപാട് അറിയിച്ചത്. മേഖലയിൽ സമാധാനം നിലനിർത്താൻ ഇന്ത്യൻ സേന ആത്മാർഥമായി ശ്രമിക്കുന്നുണ്ടെന്നും ഭട്ട് വ്യക്തമാക്കി.

പാക്ക് സൈന്യം നിയന്ത്രണരേഖയിലെ പൂഞ്ച്, രജൗരി ജില്ലയിൽ മോർട്ടാർ ആക്രമണം നടത്തിയതിനു മണിക്കൂറുകൾക്കു ശേഷമായിരുന്നു ഫോണിലൂടെയുള്ള ചർച്ച. ജവാനും പ്രദേശവാസിയായ ഒമ്പതു വയസുള്ള കുട്ടിയും പാക്ക് ആക്രമണത്തിൽ മരിച്ചിരുന്നു. പാക്കിസ്ഥാനാണ് ചർച്ചയ്ക്ക് മുൻകൈയെടുത്തത്. സംഭാഷണം പത്തുമിനിറ്റ് നീണ്ടതായി ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു. 

ഇന്ത്യൻ തിരിച്ചടിയിൽ നാല് പാക്ക് സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ ആരോപിച്ചു. പാക്ക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നുണ്ടെന്ന് ഇന്ത്യൻ ഡിജിഎംഒ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാക്കിസ്ഥാൻ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കും ജനവാസകേന്ദ്രങ്ങള്‍ക്കും നേരെ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇന്ത്യയും തിരിച്ചടിച്ചു. ഈ പശ്ചാത്തലത്തിലാണ് സൈനിക ഉദ്യോഗസ്ഥർ ചർച്ച നടത്തിയത്.