അയൽരാജ്യങ്ങളിലെ ചൈനീസ് സ്വാധീനം ഇന്ത്യയ്ക്ക് ഭീഷണി: ഉപ സൈനിക മേധാവി

ഉപ സൈനിക മേധാവി ലഫ്. ജനറൽ ശരത് ചന്ദ്. ചിത്രം: ട്വിറ്റർ

ന്യൂഡൽഹി∙ ഹിമാലയത്തിൽ ചൈന സ്വാധീനം വർധിപ്പിക്കുന്നതു ഭാവിയിൽ ഇന്ത്യയ്ക്കു ഭീഷണിയാകുമെന്ന മുന്നറിയിപ്പുമായി ഉപ സൈനിക മേധാവി ലഫ്. ജനറൽ ശരത് ചന്ദ്. ഇന്ത്യയുടെ അയൽപ്രദേശങ്ങളിൽ ചൈന തങ്ങളുടെ സ്വാധീനം വർധിപ്പിക്കുകയാണ്. സാമ്പത്തിക ശക്തിയിൽ ഇന്ത്യയേക്കാളും അഞ്ചുമടങ്ങ് മുന്നിലാണവർ. പ്രതിരോധ മേഖലയ്ക്കുവേണ്ടി ചൈന ചിലവഴിക്കുന്ന തുക എത്രയെന്നത് ആർക്കും വ്യക്തമല്ലെന്നും ചന്ദ് പറയുന്നു.

നിലവിലെ സാഹചര്യത്തിൽ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. രാജ്യത്തിന്റെ സാമ്പത്തികവളർച്ചയ്ക്കു സുരക്ഷയൊരുക്കുന്നതിനു സൈനികശക്തി അത്യാവശ്യമാണ്. സിക്കിം അതിർത്തിയിൽ നിലനിൽക്കുന്ന സുരക്ഷപ്രശ്നങ്ങളെക്കുറിച്ച് ഏവർക്കും അറിയാവുന്നതാണ്. അതിർത്തി കടന്നുള്ള സംഘർഷങ്ങളെക്കുറിച്ചും അറിയാം. കഴിഞ്ഞ ആഴ്ചയിൽ മാത്രം നമുക്ക് നഷ്ടപ്പെട്ടത് ഏഴു ജീവനുകളാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സായുധകലാപങ്ങൾ നടക്കുന്നുണ്ടെന്നും ചന്ദ് ഓർമിപ്പിക്കുന്നു.

സാമ്പത്തിക സ്ഥിതി കുറഞ്ഞ ചെറിയൊരു രാജ്യമാണ് പാക്കിസ്ഥാൻ. അതിനാലാണ് വലിയ യുദ്ധങ്ങൾക്കു പകരം ചെറിയ ഏറ്റുമുട്ടലുകൾ മാത്രം നടത്താൻ അവർ തയാറാകുന്നത്. ഇതു ചൈനയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നുണ്ട്. അതിർത്തിയിൽ നടക്കുന്ന ഷെൽ ആക്രമണങ്ങളിൽ സാധാരണക്കാരും സ്കൂൾ വിദ്യാർഥികളും ആക്രമണത്തിന് ഇരയാകുന്നു. സ്കൂളിൽനിന്ന് വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിനിടയിൽ പോലും പാക്കിസ്ഥാൻ ഷെൽ ആക്രമണം നടത്തി. എന്നാൽ ഇന്ത്യൻ സൈന്യം ഒരിക്കലും ഇത്തരം പ്രവൃത്തികൾ ചെയ്യില്ലെന്നും ചന്ദ് വ്യക്തമാക്കി. ഡൽഹിയിൽ ഒരു ദ്വിദിന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.