മൂന്നാറിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വിരട്ടിയോടിച്ച കാട്ടാന ചരിഞ്ഞനിലയിൽ

മൂന്നാർ∙ മൂന്നാർ ചെണ്ടുവരയിൽ കാട്ടാന ചരിഞ്ഞ നിലയിൽ. ജനവാസ കേന്ദ്രത്തിലെത്തിയപ്പോൾ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കാട്ടിലേക്കു വിരട്ടിയോടിച്ച കാട്ടാനയാണു ചരിഞ്ഞത്. ഇതേത്തുടർന്ന് മണ്ണുമാന്തിയന്ത്രം പൊലീസ് കസ്റ്റഡിയിൽ എടുത്തു. മറയൂർ, കാന്തല്ലൂർ, മൂന്നാർ, ചിന്നക്കനാൽ മേഖലയിൽ കഴിഞ്ഞ മൂന്നു മാസങ്ങളായി കാട്ടാനയുടെ ശല്യം രൂക്ഷമായുണ്ടായിരുന്നു.

Read: കുങ്കിയാനകൾ പണി തുടങ്ങി: അഞ്ചംഗ കാട്ടാനക്കൂട്ടത്തെ തുരത്തിയോടിച്ചു

കഴിഞ്ഞദിവസം മൂന്നു വാഹനങ്ങൾ തകർത്ത കാട്ടാന പള്ളിക്കും കേടുവരുത്തിയിരുന്നു. ഞായറാഴ്ച രാത്രി 10.30ന് കെഡിഎച്ച്പി കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റിലാണ് കാട്ടാനയുടെ ആക്രമണം ആദ്യം ഉണ്ടായത്. എസ്റ്റേറ്റിലെ മാനേജരുടെ ബംഗ്ലാവിനു സമീപത്ത് കാട്ടാനയെത്തിയതിനെ തുടർന്ന് മൂന്നു ട്രാക്ടറുകളിലെത്തിയ തൊഴിലാളികൾ ഓടിച്ചു. ഇതിനു ശേഷം മടങ്ങുന്നതിനിടയിൽ മറ്റൊരു വഴിയിൽ കൂടി എത്തിയ കാട്ടാന മുൻപിൽ പോകുകയായിരുന്ന ട്രാക്ടർ ആക്രമിച്ചു. ഇതോടെ തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഇതിനു ശേഷം സമീപത്തു ലയങ്ങൾക്കു മുൻപിൽ പാർക്ക് ചെയ്തിരുന്ന ആൻഡ്രൂസ് എന്നയാളുടെ വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്തു.

തുടർന്ന് സമീപത്തുള്ള സിഎസ്ഐ ദേവാലയത്തിന്റെ ഗേറ്റ് തകർത്ത് അകത്തു കടന്ന് മതിൽകെട്ടും കോൺക്രീറ്റ് തൂണും നശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ബൈക്കിൽ തുണികൾ വിൽക്കാനെത്തിയ തമിഴ്നാട് സ്വദേശിക്കു നേരെയും ആക്രമണം ഉണ്ടായി. ഇയാൾ ഓടി രക്ഷപ്പെട്ടു. ബൈക്കിന്റെ ഇന്ധന ടാങ്ക് ആന കുത്തിനശിപ്പിച്ചു.

ഇതിനു ശേഷം സമീപത്തുള്ള സൂപ്പർ തേയില ഫാക്ടറി കോംപൗണ്ടിൽ കയറിയ കൊമ്പൻ തൊഴിലാളികൾക്ക് കയറാൻ കഴിയാത്തവിധം മണിക്കൂറുകളോളം നിന്നു. പിന്നീട് ജെസിബി ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കിയാണ് ആനയെ ഓടിച്ചത്. കാട്ടാന ലയങ്ങൾക്കു സമീപം രാത്രിയും രാവിലെയും നിന്നതിനാൽ തൊഴിലാളികൾ ഭൂരിഭാഗവും തിങ്കളാഴ്ച ജോലിക്ക് പോയില്ല.