ബാലാശ്രമത്തില്‍നിന്ന് കാണാതായ അഞ്ചു പെണ്‍കുട്ടികളേയും കണ്ടെത്തി

തൃശൂർ∙ മായന്നൂരിലെ ബാലാശ്രമത്തില്‍നിന്ന് കാണാതായ അഞ്ചു പെണ്‍കുട്ടികളേയും കണ്ടെത്തി. മൂന്നുപേരെ തൃശൂർ റയിൽവേ സ്റ്റേഷനിൽനിന്നും മറ്റു രണ്ടുപേരെ ഇരിങ്ങാലക്കുട, ചാലക്കുടി ബസ് സ്റ്റാൻഡുകളിൽ‌നിന്നുമാണ് കണ്ടെത്തിയത്. ബാലാശ്രമത്തിൽ കഴിയാൻ താൽപര്യമില്ലാത്തതിനാൽ വീട്ടിലേക്കു പോകുകയായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു. ഇവർ സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ ആറര മുതലാണു കുട്ടികളെ കാണാതായത്. കാണാതായവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായിരുന്നു. അന്വേഷണത്തിന് ചേലക്കര സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. നിരവധി കുട്ടികൾ ബാലാശ്രമത്തിൽ താമസിച്ച് പഠിക്കുന്നുണ്ട്.

പെണ്‍കുട്ടികളെ കാണാതായി എന്നു വിവരം ലഭിച്ചതു മുതൽ പൊലീസ് പ്രധാനമായും റയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനിലുമായിരുന്നു അന്വേഷണം നടത്തിയത്.