സൈബർ ഭീഷണി: ചൈനീസ് ഡ്രോണുകൾ ഉപയോഗിക്കുന്നതു വിലക്കി യുഎസ് സൈന്യം

(Representative Image)

ന്യൂയോർക്ക് ∙ സൈബർ ഭീഷണിയെ തുടർന്ന് ഡ്രോൺ നിർമാണ രംഗത്തെ അതികായൻമാരായ ചൈനീസ് കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് സൈനികരെ വിലക്കി യുഎസ് സൈന്യം. ചൈന ആസ്ഥാനമായ ഡിജെഐ ടെക്നോളജിയുടെ ഡ്രോണുകൾ ഉപയോഗിക്കുന്നതിനാണ് വിലക്ക്. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുടെ പേരിലാണിതെന്ന് ഓഗസ്റ്റ് രണ്ടിന് യുഎസ് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ഡിജെഐ കമ്പനിയുടെ എല്ലാത്തരം ഉപകരണങ്ങളും സോഫ്റ്റ്‍വെയറുകളും ഉപയോഗിക്കുന്നതിനും വിലക്ക് ബാധകമാണെന്ന് യുഎസ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഡ്രോണുകൾ ഉൾപ്പെടെ ഡിജെഐ കമ്പനി നിർമിച്ച എല്ലാ ഉപകരണങ്ങളുടെയും ഉപയോഗം നിർത്തിവയ്ക്കാനും ഡിജെഐ ആപ്ലിക്കേഷനുകൾ അൺ ഇൻസ്റ്റാൾ ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

യുഎസ് സൈന്യം ഉപയോഗിക്കുന്ന ഡ്രോണുകളിലധികവും ഡിജെഐ ഡ്രോണുകളാണ്. അതേസമയം, വിലക്ക് അദ്ഭുതപ്പെടുത്തിയെന്നും ഈ നീക്കത്തിൽ നിരാശയുണ്ടെന്നും ഡിജെഐ അധികൃതർ പ്രതികരിച്ചു. ഇത്തരമൊരു തീരുമാനമെടുക്കും മുൻപ് തങ്ങളുമായി ബന്ധപ്പെടാൻപോലും യുഎസ് തയാറായില്ലെന്നും കമ്പനി വ്യക്തമാക്കി.

വാണിജ്യാവശ്യങ്ങൾക്കും മറ്റുമായി ലോകത്ത് ഉപയോഗിക്കുന്ന ഡ്രോണുകളിൽ 70 ശതമാനവും ഡിജെഐ കമ്പനിയുടേതാണ്.