ദൈവത്തിന് നന്ദിയെന്ന് ശ്രീശാന്ത്; ടീമിലേക്കുള്ള മടക്കം അകലെയല്ലെന്ന് കെസിഎ

കൊച്ചി ∙ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ വിലക്കു പിൻവലിക്കുന്നതോടെ, മൽസര ക്രിക്കറ്റിലേക്ക് താരം മടങ്ങിയെത്തുമെന്ന വ്യക്തമായ സൂചന നൽകി കേരള ക്രിക്കറ്റ് അസോസിയേഷൻ. വിലക്കു ഹൈക്കോടതി നീക്കിയ സാഹചര്യത്തിൽ കേരള ടീമിലേക്കും ഇന്ത്യൻ ടീമിലേക്കും തിരിച്ചുവരാനുള്ള എല്ലാ അവകാശവും ശ്രീശാന്തിനുണ്ടെന്ന് കെസിഎ പ്രസിഡന്റ് ബി. വിനോദ് കുമാർ വ്യക്തമാക്കി.

ശ്രീശാന്ത് നമ്മുടെ പയ്യനാണ്. അദ്ദേഹം ഒത്തുകളിക്കേസിൽ ഉൾപ്പെട്ടത് ഏറെ വേദനയുണ്ടാക്കിയിരുന്നു. വിലക്കു നീങ്ങിയ സാഹചര്യത്തിൽ ശ്രീശാന്ത് കേരള ടീമിലേക്ക് പരിഗണിക്കപ്പെടാൻ അർഹനാണ്. ഇന്ത്യൻ ടീമിലേക്കും ശ്രീശാന്തിന് തിരിച്ചെത്താം – വിനോദ് കുമാർ പറഞ്ഞു. എത്രയും വേഗം കേരള ടീമിൽ തിരികെയെത്താൻ ശ്രമിക്കുമെന്ന് ശ്രീശാന്തും വ്യക്തമാക്കിയിട്ടുണ്ട്. മുപ്പത്തിനാലുകാരനായ ശ്രീശാന്തിന്റെ മടങ്ങിവരവിന് പ്രായം ഒഴികെയുള്ള ഘടകങ്ങൾ അനുകൂലമാണ്.

ശ്രീശാന്തിന്റെ വിലക്കു നീക്കിയതിൽ സന്തോഷമുണ്ടെന്ന് ബിസിസിഐ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ‌ പ്രസിഡന്റുമായ ടി.സി. മാത്യു പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ ബിസിസിഐ അപ്പീൽ പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിലക്കു നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയ്ക്കു കത്തെഴുതാൻ ശ്രീശാന്തിനെ പ്രേരിപ്പിച്ചത് മാത്യുവാണ്.

വിലക്കുനീക്കികൊണ്ടുള്ള ഹൈക്കോടതി വിധിക്കു പിന്നാലെ ദൈവത്തിനു നന്ദി പറയുന്നുവെന്ന് ശ്രീശാന്ത് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.