പശുവിനെ ദേശീയ മൃഗമാക്കാനുള്ള നിർദേശം ലഭിച്ചിട്ടില്ല: കേന്ദ്രസർക്കാർ

ന്യൂഡൽഹി ∙ പശുവിനെ ദേശീയ മൃഗമാക്കാനുള്ള നിർദേശം എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നു കേന്ദ്രസർക്കാർ. ഇത്തരത്തിലൊരു നിർദേശമോ ആവശ്യമോ ആഭ്യന്തരമന്ത്രാലയത്തിനു ലഭിച്ചിട്ടില്ലെന്നു സഹമന്ത്രി കിരൺ റിജ്ജു ലോക്സഭയിൽ എഴുതി നൽകിയ മറുപടിയിൽ വ്യക്തമാക്കി. പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു.

നിയമനിർമാണവുമായി ബന്ധപ്പെട്ടു കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാരം ആർട്ടിക്കിൾ 246 (3) ന്റെ കീഴിൽ വരുന്നതാണ്. കന്നുകാലികളുമായി ബന്ധപ്പെട്ട വിഷയത്തിലെ തീരുമാനങ്ങൾ സംസ്ഥാനങ്ങളുടെ കൂടെ അധികാരത്തിൽ വരുന്നതാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.