ഉത്തരവാദികൾ ‘കപ്പലോടിക്കാനറിയാത്ത’ തന്നെ നിയമിച്ചവർ: ജേക്കബ് തോമസ്

തിരുവനന്തപുരം∙ തുറമുഖ വകുപ്പിൽ ഡയറക്ടറായിരിക്കെ ക്രമക്കേടുകൾ നടന്നതായുള്ള സിഎജി റിപ്പോര്‍ട്ടിൽ മറുപടി പറയേണ്ടതു താനല്ലെന്നു ഡിജിപി ജേക്കബ് തോമസ്. കപ്പലോടിക്കാൻ അറിയാത്ത തന്നെ കപ്പലോടിക്കാൻ നിയമിച്ചവരാണ് ഉത്തരവാദികൾ. വി.എസ്. അച്യുതാനന്ദൻ സര്‍ക്കാരിലെ ചുമതലപ്പെട്ടവരാണ് ഉത്തരം നല്‍കേണ്ടത്. വിഎസും വകുപ്പുമന്ത്രിയും ഉത്തരം പറയണം. വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്നതിനാലാണു തനിക്കെതിരെ ഇത്തരം റിപ്പോര്‍ട്ടുകള്‍ വരുന്നത്. തനിക്കെതിരായ ഓരോ റിപ്പോര്‍ട്ടിനും ഓരോ ലക്ഷ്യങ്ങളുണ്ടെന്നും ജേക്കബ് തോമസ് പറ‍ഞ്ഞു.

ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അന്നത്തെ സർക്കാരാണ് ഉത്തരവാദി. സർക്കാർ കല്ലിട്ട കെട്ടിടം പണിയുക മാത്രമാണു തന്റെ ജോലി. കല്ലിട്ടത് അന്നത്തെ മുഖ്യമന്ത്രിയാണ്. മന്ത്രിയും സർക്കാരും പറഞ്ഞത് അനുസരിക്കുക മാത്രമാണു താൻ ചെയ്തത്. സത്യം ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ജനങ്ങൾക്ക് സത്യമറിയാം. സിഎജി റിപ്പോർട്ട് അംഗീകരിച്ച തുറമുഖ വകുപ്പ് ഉദ്യോഗസ്ഥന്റെ പശ്ചാത്തലം അന്വേഷിക്കണം – ജേക്കബ് തോമസ് വ്യക്തമാക്കി.