പാക്കിസ്ഥാനിൽ ബോംബ് സ്ഫോടനം; പട്ടാളക്കാർ ഉൾപ്പെടെ 15 മരണം

പാക്കിസ്ഥാനിലെ ക്വറ്റയിലുണ്ടായ സ്ഫോടനത്തിൽ കത്തിയമരുന്ന വാഹനങ്ങൾ.

കറാച്ചി∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ‌ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ തിരക്കേറിയ മാർക്കറ്റിനു സമീപം ശനിയാഴ്ചയുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തിൽ എട്ടു പട്ടാളക്കാർ ഉൾപ്പെടെ 15 പേർ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. ഇതിൽ പത്തു പേർ പട്ടാളക്കാരാണ്. പരുക്കേറ്റവരിൽ ഏഴു പേരുടെ നില ഗുരുതരമാണ്. റോഡിലൂടെ കടന്നു പോകുകയായിരുന്ന പട്ടാള ട്രക്ക് പൂർണമായും തകർന്നു.

വൻ സുരക്ഷാവലയം തീർത്തിട്ടുള്ള പ്രദേശമാണ് ക്വറ്റ. ഇവിടെ നിരീക്ഷണം നടത്തുകയായിരുന്നു പട്ടാള ട്രക്ക്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

നാളെ നടക്കാനിരിക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകൾ തടസ്സപ്പെടുത്താൻ ‘ഭീരുക്കൾ’ നടത്തിയ ശ്രമമാണിതെന്നു പാക്ക് സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ പറഞ്ഞു. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ നിന്നു പട്ടാളത്തെ പിന്തിരിപ്പിക്കാൻ ഈ ആക്രമണം കൊണ്ടു സാധിക്കില്ലെന്നും ജനറൽ പറഞ്ഞു.