യുപി ആശുപത്രിയിലെ മരണം 74 ആയി; സർക്കാരിന് മനുഷ്യാവകാശ കമ്മിഷൻ നോട്ടിസ്

ഗോരഖ്പുർ ∙ ഉത്തർപ്രദേശിലെ ബാബ രാഘവ്‌ദാസ് സർക്കാർ മെഡിക്കൽ കോളജിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 74 ആയി. ചികിൽസയിലായിരുന്ന മൂന്നു കുട്ടികൾ കൂടി തിങ്കളാഴ്ച മരിച്ചു. രാവിലെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കുഞ്ഞുങ്ങളെ വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒാക്സിജൻ തടസപ്പെട്ടപ്പോൾ ആശുപത്രിയിൽ ഉണ്ടായിരുന്ന കുട്ടികളാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. അസുഖം കുറഞ്ഞതിനെ തുടർന്ന് ഇവരെ അത്യാഹിത വിഭാഗത്തിൽനിന്നു മാറ്റിയിരുന്നു.

അതിനിടെ, സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ നോട്ടിസ് അയച്ചു. നാലാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്നും നിർദേശമുണ്ട്. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ദുരന്തമുണ്ടായ ആശുപത്രി സന്ദർശിക്കും. അതിനിടെ, യുപി ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ്ങിനു നേരെ അലഹബാദിൽ വച്ച് സമാജ്‍വാദി പാർട്ടി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, ഗോരഖ്പുർ ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചില്ല. പരാതിക്കാരന് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാം. സ്വമേധയാ കേസെടുത്ത് പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. എന്നാല്‍ ഹര്‍ജി സ്വീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ വിഷയം പരിശോധിക്കുന്നുണ്ടെന്നാണു മനസ്സിലാക്കുന്നതെന്നും കോടതി പറഞ്ഞു.