യുപിയിൽ കുഞ്ഞുങ്ങൾ മരിച്ചത് ഓക്സിജൻ കിട്ടാതെയല്ല: ജില്ലാ മജിസ്ട്രേറ്റ്

ഗോരഖ്പുര്‍∙ ഉത്തർപ്രദേശിലെ ബാബാ രാഘവ് ദാസ് ആശുപത്രിയിലെ ദുരന്തത്തിന്‍റെ കാരണം ഓക്സിജന്‍ തടസപ്പെട്ടതല്ലെന്നു മജിസ്ട്രേറ്റിന്‍റെ റിപ്പോര്‍ട്ട്. എന്നാൽ ആശുപത്രിയിൽ ഓക്സിജന്‍ വിതരണം തടസപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനിടെ പൊതുസമൂഹത്തില്‍ ശക്തമായ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നതോടെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജിലെ സ്ഥിതി മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സംഘവും നടപടി തുടങ്ങി. എങ്കിലും രോഗികളുടേയും വാര്‍ഡുകളുടേയും സ്ഥിതിയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.

ഒരാഴ്ചയ്ക്കിടെ എഴുപതിലധികം കുഞ്ഞുങ്ങളാണ് ബിആർഡി ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ മരിച്ചത്. എന്നാൽ ഓക്സിജൻ ലഭ്യമല്ലായിരുന്നുവെന്ന വാർത്ത സർക്കാർ നിഷേധിച്ചിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. ഇതു ശരിവയ്ക്കുന്ന റിപ്പോർട്ടാണ് മജിസ്ട്രേറ്റും നൽകിയിരിക്കുന്നത്.