Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളുടെ കളി കൈവിട്ടു; ബ്ലൂവെയ്ൽ ഗെയിം കേന്ദ്ര സർക്കാർ നിരോധിച്ചു

blue-whale

ന്യൂഡൽഹി∙ യുവാക്കളെയും കുട്ടികളെയും ആത്മഹത്യയിലേക്കു നയിക്കുന്ന കൊലയാളി ഗെയിം ബ്ലൂവെയ്ൽ നിരോധിച്ചതായി കേന്ദ്ര സർക്കാർ. ടെക് ഭീമന്മാരായ ഗൂഗിൾ, ഫേസ്ബുക്ക്, വാട്ട്സാപ്, മൈക്രോസോഫ്റ്റ്, യാഹൂ, ഇൻസ്റ്റഗ്രാം തുടങ്ങിയ കമ്പനികളോട് ഗെയിമിന്റെ ലിങ്കുകൾ നീക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകി. ബ്ലൂ വെയ്ൽ ഗെയിം നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ മാത്രം രണ്ടായിരത്തിലധികം ആളുകൾ ഈ ഗെയിം കളിക്കുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.

2013ല്‍ റഷ്യയിലാണ് ബ്ലൂ വെയ്ല്‍ ഇന്റര്‍നെറ്റ് ഗെയിം തുടങ്ങിയത്. മനഃശാസ്ത്ര പഠനത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഇരുപത്തിരണ്ടുകാരനാണ് സൃഷ്ടാവ്. റഷ്യയിൽനിന്നും ഈ കളി വളരെ വേഗം മറ്റു രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിച്ചു. ഗെയിം എന്നാണു പേരെങ്കിലും ഇതൊരു ആപ്പോ, ഗെയിമോ വൈറസോ അല്ല. പ്ലേ സ്‌റ്റോറിലോ മറ്റ് ആപ് സ്‌റ്റോറുകളിലോ കിട്ടില്ല. ഇന്റര്‍നെറ്റിലും ഏതെങ്കിലും വെബ് അഡ്രസ് ടൈപ് ചെയ്ത് കണ്ടെത്താനാകില്ല. സമൂഹമാധ്യങ്ങളിലൂടെയാണ് കുട്ടികൾ ഇതില്‍ അകപ്പെട്ടു പോകുന്നത്. അതിനാലാണു ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകളെല്ലാം നീക്കണമെന്നു സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

50 ദിവസങ്ങള്‍ കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട 50 ഘട്ടങ്ങളാണ് ഗെയിമിലുള്ളത്. ആദ്യ ദിവസങ്ങളില്‍ അതിരാവിലെ 4.30ന് എഴുന്നേല്‍ക്കാനും പിന്നീട് പ്രേത സിനിമകള്‍ കാണാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് പാരപ്പറ്റിലൂടെ നടക്കുക തുടങ്ങിയ ബുദ്ധിമുട്ടേറിയ പ്രവര്‍ത്തികള്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഓരോ ഘട്ടത്തിലും ചെയ്യുന്നതിനെപ്പറ്റിയുള്ള തെളിവുകളും സമര്‍പ്പിക്കണം.

കയ്യിലും രഹസ്യ ഭാഗങ്ങളിലും മുറിവേല്‍പ്പിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്യണം. എങ്കിലേ അടുത്തഘട്ടത്തിലേക്കു പ്രവേശനം ലഭിക്കൂ. ചാറ്റിനിടെ സീക്രട്ട് മിഷന്‍, സീക്രട്ട് ചാറ്റിങ് തുടങ്ങിയ ടാസ്‌കുകളുമുണ്ട്. തങ്ങളുടെ ഇരകളെ മരണത്തിലേക്കു നയിക്കുന്നത് ഈ രഹസ്യ കൂടിക്കാഴ്ചകളിലാണ്. ഒരിക്കല്‍ അകപ്പെട്ടു കഴിഞ്ഞാല്‍ പുറത്തുവരുന്നത് പ്രയാസമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

related stories