22 ആഴ്ച മാത്രം പ്രായമുള്ളപ്പോൾ ജനിച്ച ഇരട്ടകൾ സാധാരണ ജീവിതത്തിലേക്ക്

ഇനി തലോടലിന്റെ കാലം: ഗർഭപാത്രത്തിൽ നിന്ന് 22 ആഴ്ച പ്രായമായപ്പോൾ പുറത്തെടുത്ത ഇരട്ടകൾ ഇപ്പോൾ. ചിത്രം: റോബർട്ട് വിനോദ്

കൊച്ചി∙ ഗർഭപാത്രത്തിന്റെ ചൂടിൽ നിന്ന് 22 ആഴ്ച പ്രായവും അരക്കിലോ തൂക്കവും മാത്രമുള്ളപ്പോൾ പുറത്തെടുത്ത ഇരട്ടകൾ അഞ്ചുമാസത്തെ തീവ്രപരിചരണത്തിലൂടെ ജീവിതത്തിലേക്ക്. ഇതോടെ ഗർഭപാത്രത്തിൽ ഏറ്റവും കുറച്ചുകാലം കഴിഞ്ഞു ഭൂമിയിലേക്കു പിറന്നുവീഴുന്ന ഇരട്ടകളാവുകയാണ് എറണാകുളം സ്വദേശികളായ അനൂപ്–നീലിമ ദമ്പതികളുടെ ഇൗ പെൺകുഞ്ഞുങ്ങൾ. കുഞ്ഞുങ്ങളുണ്ടാകാൻ വേണ്ടിയുള്ള ചികിൽസയിലായിരുന്നു രണ്ടു വർഷമായി ദമ്പതികൾ. ഗർഭം ധരിച്ച് ഇരുപതാമത്തെ ആഴ്ച തുടങ്ങി ആശുപത്രിവാസം. ഇതിനിടെ അമ്മയുടെ ആരോഗ്യസ്ഥിതി മോശമായി.

നൂറുദിവസം വെന്റിലേറ്ററിൽ

ആലുവ രാജഗിരി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് വി.പി.പൈലിയുടെ നേതൃത്വത്തിലുള്ള സംഘം 22 ആഴ്ചയും നാലുദിവസവും പ്രായമുള്ള കുഞ്ഞുങ്ങളെ പുറത്തെടുത്തു. 452, 505 ഗ്രാം വീതമായിരുന്നു തൂക്കം. നിയോനേറ്റോളജിസ്റ്റ് ഡോ.മധു ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിചരണം ഏറ്റെടുത്തത്. മാസം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള തലച്ചോറിലെ രക്തസ്രാവം, കുടലിലെ അണുബാധ എന്നിവ ഒഴിവാക്കാനായി. നൂറു ദിവസത്തോളം വെന്റിലേറ്ററിന്റെ സഹായത്താലാണു ജീവൻ നിലനിർത്തിയത്. ആരോഗ്യം മെച്ചപ്പെട്ടതോടെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. 

മറികടന്നതു ‘സാക്ഷി’യെ

ഗർഭപാത്രത്തിൽ 24 ആഴ്ചയെങ്കിലും വളർന്ന കുഞ്ഞുങ്ങളെ മാത്രമേ പുറത്തെടുക്കാൻ ശ്രമിക്കാവൂ എന്നാണു പൊതുതത്വം. മാസം തികയാതെയുള്ള ജനനത്തിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും കുറഞ്ഞ പ്രായം 23 ആഴ്ചയിലേതാണ്. അന്നു മുംബൈയിലായിരുന്നു സാക്ഷി എന്ന കുഞ്ഞിന്റെ ജനനം. 2015 മേയ് അഞ്ചിനു കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ 460 ഗ്രാം മാത്രമായിരുന്നു തൂക്കം. ആകെ നീളം 30 സെന്റിമീറ്റർ. സാക്ഷി ഇപ്പോൾ പൂർണ ആരോഗ്യവതി. കാനഡയിൽ 21 ആഴ്ചയും നാലു ദിവസവും പ്രായമുള്ളപ്പോൾ ജനിച്ച ജെയിംസ് എർഗിൻ ഗില്ലാണു ലോകത്തെ ഏറ്റവും ‘പ്രായം കുറഞ്ഞ’ കുട്ടി.