കെട്ടിട വാടക നൽകിയില്ല; രജനീകാന്തിന്റെ ഭാര്യ നടത്തുന്ന സ്കൂൾ ഉടമ പൂട്ടി

രജനീകാന്തും ഭാര്യ ലതയും. (ഫയൽ ചിത്രം)

ചെന്നൈ ∙ തമിഴ് ചലച്ചിത്ര താരം രജനീകാന്തിന്റെ ഭാര്യ ലത നടത്തിപ്പുകാരിയായ സ്കൂൾ കെട്ടിടം വാടക നൽകിയില്ലെന്ന കാരണത്താൽ ഉടമസ്ഥൻ പൂട്ടി. ഗിണ്ടിയിൽ രാഘവേന്ദ്ര ഫൗണ്ടേഷന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ആശ്രം മെട്രിക്കുലേഷൻ സ്കൂൾ കെട്ടിടാണ് വാടക കൊടുക്കാത്തതിനെ തുടർന്ന് പൂട്ടിയത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

400ൽ അധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. തുടർന്ന് സ്കൂൾ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. 2018 മേയ് വരെയാണ് കെട്ടിടം വാടകയ്ക്കു നൽകിയിരുന്നതെന്നും ഇക്കാലയളവിൽ നൽകാമെന്ന് ഏറ്റിരുന്ന വാടക പൂർണമായി നൽകുന്നതിൽ സ്കൂൾ മാനേജ്മെന്റ് വീഴ്ച വരുത്തിയെന്നും കെട്ടിട ഉടമയായ വെങ്കടേശ്വരലു ആരോപിച്ചു.

അതേസമയം, സ്കൂളിന്റെ നടത്തിപ്പ് തടസ്സപ്പെടുത്തിയ കെട്ടിട ഉടമയ്ക്കെതിരെ കേസ് ഫയൽ ചെയ്യുമെന്ന് മാനേജ്മെന്റ് അറിയിച്ചു. മാധ്യമങ്ങൾക്ക് തെറ്റായ പ്രസ്താവന നൽകിയതിനും പരാതി നൽകും. 10 വർഷത്തിലേറെയായി ഇതേ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്ന് മാനേജ്മെന്റ് ചൂണ്ടിക്കാട്ടി. കെട്ടിട ഉടമയുടെ കുടുംബത്തിൽ ഉണ്ടായ വസ്തു തർക്കമാണ് സ്കൂൾ പൂട്ടുന്നതിലേക്ക് നയിച്ചതെന്നും അവർ ആരോപിച്ചു.