സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: എംഇഎസ്, കാരക്കോണം മാനേജ്മെന്റുകള്‍ പിന്‍മാറി

തിരുവനന്തപുരം ∙ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തെ വന്‍ പ്രതിസന്ധിയിലാക്കി സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറില്‍നിന്ന് രണ്ടു മാനേജ്മെന്റുകൾ പിന്‍മാറി. സംസ്ഥാന സർക്കാരുമായി കരാറിൽ ഏർപ്പെട്ടിരുന്ന മലപ്പുറം പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ്, കാരക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളജ് എന്നിവയാണ് കരാറിൽനിന്ന് പിന്മാറിയത്. അതേസമയം, കരാറിൽനിന്ന് പിൻമാറാനുള്ള ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

ആരോഗ്യമന്ത്രി കെ.ക. ശൈലജയുമായി കൂടിക്കാഴ്ച നടത്തിയ മാനേജ്മെന്റ് പ്രതിനിധികൾ കരാറില്‍നിന്ന് പിന്‍മാറുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു. രേഖാമൂലം ഇതിനുള്ള അപേക്ഷയും ഇവർ കൈമാറി. കരാറിലെ പ്രധാന വ്യവസ്ഥകൾ സർക്കാർ അംഗീകരിച്ചിരുന്നെങ്കിലും, ഇതെല്ലാം കോടതി റദ്ദാക്കിയ കാര്യം ചൂണ്ടിക്കാട്ടിയാണ് ഇവർ പിന്മാറുന്നതെന്നാണ് വിവരം. കരാറിൽ ഏർപ്പെടാത്ത മെഡിക്കൽ കോളജുകൾക്ക് 11 ലക്ഷം രൂപ ഫീസ് വാങ്ങാൻ കോടതി അനുമതി നൽകിയതോടെയാണ് ഈ രണ്ടു മാനേജ്മെന്റുകളും കരാറിനെ കുറിച്ച് പുനർവിചിന്തനം നടത്തിയത്.