വെറ്റിലപ്പാറയിൽ കുടുങ്ങിയ പുലിയെ മയക്കുവെടിവച്ചു പിടിച്ചു

പുലിയെ മയക്കുവെടിവച്ച് പിടികൂടിയപ്പോൾ

തൃശൂർ∙ അതിരപ്പിള്ളി വെറ്റിലപ്പാറയിൽ കുടുക്കിൽപ്പെട്ട പുലിയെ രക്ഷിച്ചു. മയക്കുവെടി വച്ചതിനുശേഷം പുലിയെ പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്കു മാറ്റി. കാലിലെ മുറിവിന് ആവശ്യമായ ചികിൽസ നൽകിയതിനുശേഷം പുലിയെ കോടനാട് സന്ദർശക കേന്ദ്രത്തിലേക്കു മാറ്റുമെന്ന് അധികൃതർ അറിയിച്ചു. വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ സ്ഥാപിച്ച തടിവേലിയിലാണു പുള്ളിപ്പുലി കുടുങ്ങിയത്. ബുധനാഴ്ച രാവിലെ ആറോടെയാണ് പുലിയെ കുടുങ്ങിയ നിലയിൽ കണ്ടത്.

മലയോടു ചേർന്നുള്ള രണ്ടാമത്തെ പറമ്പിലാണ് പുലി കുടുങ്ങിയത്. വന്യമൃഗങ്ങൾ പ്രവേശിക്കാതിരിക്കാൻ ആദ്യത്തെ പറമ്പിൽ സ്ഥാപിച്ച തടിവേലിയിൽ പുലി കുടുങ്ങുകയായിരുന്നു. തടിവേലിയും വലിച്ചു മുന്നോട്ടുനീങ്ങിയ പുലി, പാറക്കേൽ ബിനോയിയുടെ റബ്ബർതോട്ടത്തിലെത്തിയപ്പോൾ അവശനിലയിലാകുകയായിരുന്നു. റബർ മരങ്ങൾക്കിടയിൽപ്പെട്ടുപോയ പുലി പ്രാണരക്ഷാർഥം പരിസരത്തെല്ലാം ആക്രമങ്ങൾ കാണിച്ചു. വേലിക്കുടുക്കുമായി പുലി നീങ്ങിയ പാടുകൾ തോട്ടത്തിൽ കാണാം.

റബ്ബർ മരങ്ങളുടെ ഏഴ് അടി ഉയരത്തിൽ വരെ പുലി മാന്തിയ പാടുകളുണ്ട്. ഈ പാടിൽനിന്നു റബ്ബർ പാൽ ഒഴുകുന്നതായി നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് ഫോറസ്റ്റ്, പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.