ലഡാക്കിലെ ചൈനീസ് ‘അതിക്രമം’ സ്ഥിരീകരിച്ച് ഇന്ത്യ; ദോക് ലായിൽ ചർച്ച തുടരുന്നു

ന്യൂഡൽഹി ∙ ലഡാക്കിലെ പ്രസിദ്ധമായ പാൻഗോങ് തടാകക്കരയിലൂടെ ഇന്ത്യയുടെ ഭൂപ്രദേശത്തു പ്രവേശിക്കാൻ ചൈനാപ്പട്ടാളം ശ്രമിച്ചതിനെ തുടർന്ന് സ്ഥലത്ത് സംഘർഷം നടന്നുവെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. തടാകത്തിനു സമീപത്ത് ഇത്തരത്തിലൊരു ‘സംഭവമുണ്ടാ’യെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. ഒാഗസ്റ്റ് 15ന് ചൈനയുടെ ഭാഗത്തുനിന്നും കടന്നുകയറ്റ ശ്രമം ഉണ്ടായെന്ന് അദ്ദേഹം അറിയിച്ചു. വിഷയം ഇരുവശത്തെയും പ്രാദേശിക സൈനിക കമാൻഡർമാരുമായും ചർച്ച ചെയ്തു. ഇത്തരം സംഭവങ്ങൾ ഇരുഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും മേഖലയിൽ സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുസൈന്യവും ഏതാണ്ട് ഒരു മണിക്കൂറോളം മുഖാമുഖം നിന്നുവെന്നും മോശം വാക്കുകൾ പ്രയോഗിച്ചുവെന്നുമാണ് സൂചന. സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഇരുവിഭാഗത്തിന്റെയും ബോർഡർ പേഴ്സണൽ മീറ്റിങ് (ബിപിഎം) നടന്നുവെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ല. അടുത്തിടെ രണ്ട് ബിപിഎം ആണ് നടന്നത്. ഒന്ന് നാഥുലയിലും മറ്റൊന്ന് ചുസുളിലും. ഇതിൽ ചുസുളിൽ ഒാഗസ്റ്റ് 16നും നാഥുലയിൽ അതിനും ഒരാഴ്ച  മുൻപുമാണ് ബിപിഎം നടന്നത്– രവീഷ് കുമാർ അറിയിച്ചു.

ഒാഗസ്റ്റ് 15ന് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) രാവിലെ ആറിനും ഒൻപതിനുമാണു മേഖലയിലെ ഫിംഗർ ഫോർ, ഫിംഗർ ഫൈവ് എന്നിവിടങ്ങളിൽ കടന്നുകയറാൻ നോക്കിയത്. ഇതേത്തുടർന്നുണ്ടായ കല്ലേറിൽ ഇരുപക്ഷത്തും സൈനികർക്കു നിസ്സാര പരുക്കേറ്റു. മനുഷ്യച്ചങ്ങലയായിനിന്ന് ഇന്ത്യയുടെ സൈനികർ വഴിമുടക്കിയതോടെ ചൈനാപ്പട്ടാളം കല്ലേറു തുടങ്ങി. തുടർന്നു തിരിച്ചും കല്ലേറുണ്ടായി. സംഘർഷം ലഘൂകരിക്കാനായി ഇരുപക്ഷവും സമാധാനസൂചകമായി ബാനർ പരേഡ് നടത്തിയതിനെത്തുടർന്ന് ഇരുസൈന്യവും പൂർവസ്ഥാനങ്ങളിലേക്കു മടങ്ങുകയായിരുന്നു. 

ദോക് ലാ പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുന്നു

സിക്കിം മേഖലയിലെ ദോ‌ക് ലായിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ പരിഹരിക്കാൻ ചൈനയുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് അറിയിച്ചു. ഇരുപക്ഷത്തിനും സ്വീകരിക്കാൻ കഴിയുന്ന പരിഹാരത്തിനാണ് ശ്രമിക്കുന്നത്. അതിർത്തി മേഖലയിൽ സമാധാനവും ശാന്തിയും ഉറപ്പാക്കേണ്ടത് മികച്ച ഉഭയകക്ഷി ബന്ധത്തിന് അത്യാവശ്യമാണെന്നും വാർത്താ സമ്മേളനത്തിൽ വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു. ഇന്ത്യ–ചൈന–ഭൂട്ടാൻ അതിർത്തി പ്രദേശമായ ദോക് ലായിൽ ചൈന റോഡ് നിർമാണം ആരംഭിച്ചതാണ് സംഘർഷത്തിന് കാരണം. എന്നാൽ, ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ചുവെന്നാണ് ചൈനയുടെ ആരോപണം. കഴിഞ്ഞ 50 ദിവസത്തോളമായി മേഖലയിൽ ഇന്ത്യ–ചൈന സൈനികർ മുഖാമുഖം നിൽക്കുകയാണ്.