ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയിൽ; വിധി നടപ്പാക്കാൻ നിർദ്ദേശിക്കണം

കൊച്ചി ∙ ഐപിഎൽ ഒത്തുകളി വിവാദത്തെത്തുടർന്ന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയ വിധിയില്‍ വ്യക്തത തേടി മലയാളി താരം എസ്. ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. വിധി നടപ്പാക്കാന്‍ ബിസിസിഐക്ക് നിര്‍ദേശം നല്‍കണമെന്ന് വിധിയുണ്ടായിട്ടും സ്കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അനുമതി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്തിന്റെ ഹർജി. ഇത് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

ബിസിസിയുടെ എൻഒസി ഉണ്ടെങ്കിൽ മാത്രമേ സ്കോട്ടിഷ് ലീഗിൽ കളിക്കാൻ ശ്രീശാന്തിന് സാധിക്കൂ. എന്നാൽ, ഹൈക്കോടതി വിലക്കു നീക്കിയിട്ടും ബിസിസിഐ എൻഒസി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്ത് വീണ്ടും കോടതിയിലെത്തിയിരിക്കുന്നത്. സെപ്റ്റംബർ ഒൻപതിന് ലീഗ് അവസാനിക്കാനിരിക്കെ അതിനു മുൻപ് എൻഒസി നൽകണമെന്നാണ് ആവശ്യം.

വിലക്കു നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) നീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. കേരള ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നായിരുന്നു റിപ്പോർട്ട്. അതേസമയം, വിധിക്കെതിരെ ബിസിസിഐ അപ്പീൽ നൽകരുതെന്നായിരുന്നു മലയാളി കൂടിയായ ബോർഡ് വൈസ് പ്രസിഡന്റ് ടി.സി. മാത്യു ഉൾപ്പെടെയുള്ളവരുടെ ആവശ്യം.

ഐപിഎൽ 2013 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ കളിയിൽ ഒത്തുകളി ആരോപിച്ചാണു ഡൽഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണു ബിസിസിഐ അച്ചടക്ക നടപടി സ്വീകരിച്ചത്. വാതുവയ്പിൽ ശ്രീശാന്തിനെ ബന്ധിപ്പിക്കാൻ തെളിവില്ലെന്നു വിലയിരുത്തിയാണു കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം ആജീവനാന്ത വിലക്കും ശിക്ഷാനടപടിയും റദ്ദാക്കി ഉത്തരവിട്ടത്.