മുസഫർനഗർ ട്രെയിനപകടം ഡ്രൈവറുടെ പിഴവെന്ന് നിഗമനം; അട്ടിമറിക്കു തെളിവില്ല

മുസഫർനഗറിൽ പുരി–ഹരിദ്വാർ–കലിംഗ ഉത്കൽ എക്സ്പ്രസ് പാളം തെറ്റിയപ്പോൾ

ലക്നൗ∙ ഉത്തർപ്രദേശ് മുസഫർനഗറിൽ പുരി–ഹരിദ്വാർ–കലിംഗ ഉത്കൽ എക്സ്പ്രസ് പാളം തെറ്റിയത് ഡ്രൈവറുടെ പിഴവു മൂലമെന്ന് പ്രാഥമിക നിഗമനം. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതുകണ്ട് സഡന്‍ ബ്രേക്ക് പ്രയോഗിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ദുരന്തസ്ഥലത്തുള്ള ഉന്നത റയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അട്ടിമറി സാധ്യത പരിശോധിക്കാന്‍ ഭീകരവിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തിയെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ സംശയകരമായ ഒന്നും കണ്ടെത്തിയില്ല. അതേസമയം, ദുരന്തത്തില്‍പ്പെട്ട ബോഗികള്‍ ട്രാക്കില്‍ നിന്ന് നീക്കാനുള്ള ശ്രമം തുടരുകയാണ്.

ട്രെയിൻ അപകടത്തിൽ പരുക്കേറ്റയാൾ

ശനിയാഴ്ചയാണ് പുരി–ഹരിദ്വാർ–കലിംഗ ഉത്കൽ എക്സ്പ്രസ് പാളം തെറ്റി 23 പേർ മരിച്ചത്. എൺപതോളം പേർക്കു പരുക്കേൽക്കുകയും ചെയ്തു. ട്രെയിനിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. ന്യൂഡൽഹിയിൽനിന്ന് 100 കിലോമീറ്റർ അകലെ ഖട്ടൗലിയിലാണ് അപകടമുണ്ടായത്. പുരിയിൽനിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിൻ. ബോഗികൾ ഒന്നിനുമുകളിൽ മറ്റൊന്നായാണു കിടക്കുന്നത്. 

മുസഫർനഗറിൽ പുരി–ഹരിദ്വാർ–കലിംഗ ഉത്കൽ എക്സ്പ്രസ് പാളം തെറ്റിയപ്പോൾ

ഒരു വർഷത്തിനിടെ അഞ്ച് ട്രെയിൻ അപകടങ്ങളാണ് യുപിയിൽ ഉണ്ടായിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം അട്ടിമറിയാണെന്ന് കണ്ടെത്തിയിരുന്നു.