പാൻഗോങ്ങിൽ ചൈനീസ് സൈന്യം കല്ലെറിഞ്ഞു, പ്രതിരോധം തീർത്ത് ഇന്ത്യ– വിഡിയോ

ഇന്ത്യ – ചൈന സൈനികർ തമ്മിലുള്ള സംഘർഷം. (വിഡിയോ ദൃശ്യം)

ന്യൂഡൽഹി∙ ലഡാക് മേഖലയിലെ പാൻഗോങ് തടാകത്തിന്റെ അതിർത്തിയിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ടുകൾ ചൈന നിഷേധിച്ചതിനു പിന്നാലെ സംഘർഷത്തിന്റെ വിഡിയോ പുറത്തുവന്നു. സ്വാതന്ത്ര്യദിനത്തിലാണ് ചൈനയുടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. ഇതു തടഞ്ഞ ഇന്ത്യൻ സേനയ്ക്കെതിരെ ചൈനീസ് സൈന്യം കല്ലെറിയുന്നതിന്റെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 72 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയുടെ ആധികാരികത വ്യക്തമല്ല. ഏകദേശം അൻപതോളം സൈനികർ പരസ്പരം കല്ലെറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സ്വാതന്ത്ര്യദിനത്തിൽ രാവിലെ ആറിനും ഒൻപതിനും ഇടയിൽ രണ്ടു തവണയാണു ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. ഫിംഗർ–4, ഫിംഗർ–5 എന്നിവിടങ്ങളിലായിരുന്നു അതിക്രമം. രണ്ടു തവണയും ഇന്ത്യൻ സൈന്യം കൃത്യമായി പ്രതികരിച്ചതിനാൽ ചൈനീസ് സൈന്യത്തിന് മേഖലയിൽ പ്രവേശിക്കാൻ സാധിച്ചില്ല. മനുഷ്യമതിൽ തീർത്താണ് ഇന്ത്യൻ സൈന്യം ശത്രുക്കളെ തടഞ്ഞത്. ഇതേതുടർന്നു ചൈനീസ് പട്ടാളം, ഇന്ത്യയുടെ സൈന്യത്തിനുനേരെ കല്ലേറ് നടത്തി. ദോക് ലായെ ചൊല്ലി ജൂൺ 16ന് ആണ് ഇന്ത്യ- ചൈന അതിർത്തിയിൽ സംഘർഷം വീണ്ടും സജീവമായത്. ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന ട്രൈജംക്‌ഷനിലാണ് പ്രശ്നം. ദോക് ലായിൽ ചൈന റോഡു നിർമിക്കാൻ തീരുമാനിച്ചതായിരുന്നു കാരണം. ഇതിനു പിന്നാലെയാണ് പാൻഗോങ് തടാകം വഴി നുഴഞ്ഞുകയറാൻ സൈന്യം ശ്രമിച്ചത്.

പാൻഗോങ് തടാകം

ഹിമാലയത്തിൽ 13,900 അടി ഉയരത്തിൽ, തർക്കമേഖലയിലാണു തടാകം സ്‌ഥിതി ചെയ്യുന്നത്. നിയന്ത്രണരേഖ കടന്നുപോകുന്നതു തടാകത്തിലൂടെയാണ്. നിയന്ത്രണരേഖയിൽ നിന്ന് 20 കിലോമീറ്റർ കിഴക്കായി ഇന്ത്യ അവകാശപ്പെടുന്ന ഭാഗം ചൈനീസ് നിയന്ത്രണത്തിലാണ്. തടാകത്തിന്റെ കിഴക്കേ അറ്റം ടിബറ്റിലും. ഈ ഭാഗത്തിനുമേൽ ഇന്ത്യ അവകാശവാദം ഉന്നയിക്കുന്നില്ല. തടാകത്തിന്റെ പടിഞ്ഞാറേ അറ്റത്തെച്ചൊല്ലിയും തർക്കമില്ല. ലഡാക്കിൽ സ്‌ഥിതിചെയ്യുന്ന പാൻഗോങ് തടാകത്തിന്റെ 45 കിലോമീറ്റർ ഇന്ത്യൻ അതിർത്തിക്കുള്ളിലും 90 കിലോമീറ്റർ ചൈനീസ് പക്ഷത്തുമാണ്. തടാകത്തിന്റെ നീളം 134 കിലോമീറ്റർ. ലഡാക്കിൽ നിന്നു ചൈന വരെ എത്തുന്നു.