അതിർത്തിയിൽ റോഡ് നിർമാണം വേഗത്തിലാക്കി ഇന്ത്യ; ബിആർഒയ്ക്ക് കൂടുതൽ അധികാരം

ന്യൂഡൽഹി∙ ദോക് ലായിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ അതിർത്തി വഴിയുള്ള തന്ത്രപ്രധാനമായ റോഡുകളുടെ നിർമാണം വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ. ഇതിനായി റോഡുകളുടെ നിർമാണച്ചുമതലയുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷന് (ബിആർഒ) കൂടുതൽ അധികാരങ്ങൾ നൽകും. ഇന്ത്യ – ചൈന ബോർഡർ റോഡ്സ് (ഐസിബിആർ) പ്രോജക്ടിന്റെ കീഴിൽ 61 തന്ത്രപ്രധാന റോഡുകൾ നിർമിക്കുന്നതിനാണ് കേന്ദ്രത്തിന്റെ പദ്ധതി. 3,409 കിലോമീറ്റർ നീളമുള്ള റോഡുകൾ നിർമിക്കാൻ കാലതാമസമുണ്ടാകുന്നതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടു നൽകിയിരുന്നു.

കാലതാമസമുണ്ടാകുന്നതു പരിഹരിക്കുന്നതിനായി സാമ്പത്തിക, ഭരണപരമായ കാര്യങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യം ബിആർഒയ്ക്കു നൽകുമെന്നു പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. നിർമാണത്തിനായുള്ള യന്ത്രസാമഗ്രികൾ വാങ്ങാൻ 100 കോടി വരെ ചെലവഴിക്കാൻ ബിആർഒ ഡയറക്ടർ ജനറലിന് അധികാരം ലഭിക്കും. നിലവിൽ 10.5 കോടി മാത്രമാണ് ഇത്തരത്തിൽ ലഭിക്കുന്നത്. തദ്ദേശീയമായ യന്ത്രങ്ങളും സാമഗ്രികളും വാങ്ങാൻ 705 കോടി വിനിയോഗിക്കാം. മാത്രമല്ല ദേശീയപാത അതോറിറ്റിയെപ്പോലെയോ വമ്പൻ നിർമാണ കമ്പനികളെ റോഡ് നിർമാണം ഏൽപ്പിക്കാനുള്ള അനുമതിയും ബിആർഒയ്ക്കു ലഭിക്കും.

ദോക് ലായിലെ സംഘർഷത്തിനു കുറവുണ്ടാകാത്ത സാഹചര്യത്തിലാണ് റോഡ് നിർമാണം വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ജൂൺ 16 മുതലാണ് അതിർത്തിയിൽ സംഘർഷം ഉടലെടുത്തത്. നിലവിൽ ഇന്ത്യ– ചൈന സേനകൾ മുഖാമുഖം നിൽക്കുന്ന സാഹചര്യമാണ് അതിർത്തിയിൽ.