Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൻവറിന്റെ പാർക്കിനായി കുടിവെള്ളം മുട്ടിച്ച തടയണ പൊളിക്കണമെന്ന് കലക്ടർ

PV Anvar

നിലമ്പൂർ∙ കക്കാടംപൊയിലിൽ സിപിഎം സ്വതന്ത്ര എംഎൽഎ പി.വി.അന്‍വർ അനധികൃതമായി നിർമിച്ച തടയണ പൊളിക്കാന്‍ മലപ്പുറം കലക്ടറുടെ നിര്‍ദേശം. കക്കാടംപൊയിലിൽ വാട്ടർതീം പാർക്ക് നിർമിക്കുന്നതിനാണു പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തിൽ ചെക്ക് ഡാം നിർമിച്ചത്. ഈ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ പെരിന്തല്‍മണ്ണ ആര്‍ഡിഒയ്ക്കു നിര്‍ദേശം നല്‍കി. പൊളിക്കുന്നതിനുളള എസ്റ്റിമേറ്റ് തയാറാക്കാന്‍ ചെറുകിട ജലസേചനവകുപ്പിനോട് ആവശ്യപ്പെട്ടു.

കലക്ടറുടെ നിർദേശമനുസരിച്ച് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. ഇത് ജില്ലാ കലക്ടർക്കു സമർപ്പിച്ചശേഷം പൊളിക്കൽ പദ്ധതികളുമായി മുന്നോട്ടുനീങ്ങും. എന്നാൽ താൻ നിയമലംഘനം നടത്തിയിട്ടില്ലെന്ന് പി.വി.അൻവർ എംഎൽഎ വാദിക്കുന്നു. പാർക്കിനു പിന്തുണയുമായി സിപിഎമ്മിനൊപ്പം സിപിഐയും രംഗത്തെത്തിയതിനു പിന്നാലെയാണ് കലക്ടറുടെ നടപടി എന്നതു ശ്രദ്ധേയമാണ്. പാർക്കിന്റെ പ്രവർത്തനത്തിൽ നിയമലംഘനമുണ്ടെന്ന മുൻ നിലപാട് സിപിഐ ജില്ലാകമ്മിറ്റി തിരുത്തി. ജില്ലാകമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തിരുത്ത്. പാർക്കിനു ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ട് സിപിഎം തിരുവമ്പാടി ഏരിയ കമ്മിറ്റിയും ജില്ലാകമ്മിറ്റിക്കു കൈമാറി. പാർക്കിന്റെ അനുമതി സംബന്ധിച്ചു രണ്ടു തട്ടിലായിരുന്ന സിപിഎമ്മും സിപിഐയും പാർട്ടി തലത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രവർത്തനം നിയമപരമെന്ന നിലപാടിലെത്തിയത്.

അന്‍വറിന്റെ ഉടമസ്ഥതയില്‍ കൂടരഞ്ഞിയിലുള്ള വിവാദ വാട്ടർതീം പാര്‍ക്ക് തല്‍ക്കാലം പൂട്ടേണ്ടെന്ന് കൂടരഞ്ഞി പഞ്ചായത്തും തീരുമാനമെടുത്തിരുന്നു. പി.വി.അന്‍വര്‍ പഞ്ചായത്തില്‍ സമർപ്പിച്ച രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ പഞ്ചായത്ത് ഭരണസമിതി ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. നേരത്തേ, വാട്ടർതീം പാർക്കിന് അനുമതി നൽകിയതും കൂടരഞ്ഞി പഞ്ചായത്ത് ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. അതേസമയം, കക്കാടംപൊയിലിലെ വാട്ടർതീം പാർക്കുമായി ബന്ധപ്പെട്ട് ഉയർന്ന മുഴുവൻ ആരോപണങ്ങളും പി.വി.അൻവർ നിഷേധിച്ചു. തന്റെ ഉടമസ്ഥതിലുള്ള വാട്ടർതീം പാർക്കിന് എല്ലാ അനുമതിയുമുണ്ട്. എല്ലാ എൻഒസികളും ഉൾപ്പെടെയാണു പാർക്കിനുള്ള ലൈസൻസ് നേടിയത്. ഇതിന്റെ പകർപ്പുകൾ ആർക്കു വേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

related stories