ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അപകടം; അമ്പതോളം പേർക്കു പരുക്ക്

കാൺപൂരിൽ ട്രെയിനും മണ്ണുമാന്തിയും കൂട്ടിയിടിച്ചുണ്ടായ അപകടം.

കാൺപൂർ∙ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനു സമീപം ട്രെയിന്‍ പാളം തെറ്റി 50 പേര്‍ക്കു പരുക്ക്. കാണ്‍പൂരിനും ഇറ്റാവയ്ക്കും ഇടയില്‍ ഔറിയയില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.40 ഓടെയായിരുന്നു കൈഫിയത്ത് എക്സ്പ്രസ് അപകടത്തില്‍പ്പെട്ടത്. അസംഗഡില്‍നിന്ന് ഡല്‍ഹിയിലേക്കു വരികയായിരുന്നു ട്രെയിന്‍. മണ്ണുമാന്തിയുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് അപകടം. പത്തു ബോഗികളാണ് പാളം തെറ്റിയത്. പരുക്കേറ്റവരെ വിവധ ആശുപത്രികളിലേക്കു മാറ്റി.

ഡല്‍ഹിയില്‍ നിന്ന് പ്രത്യേക മെഡിക്കല്‍ റിലീഫ് ട്രെയിനും ലക്നൗവില്‍ നിന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റും സ്ഥലത്ത് എത്തിയിരുന്നു. ഉന്നത റെയില്‍വേ, പൊലീസ് ഉദ്യോഗസ്ഥരും അപകട സ്ഥലത്തെത്തി. ഉത്തർപ്രദേശിൽ ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ട്രെയിൻ അപകടമാണിത്. കഴിഞ്ഞ ദിവസം മുസഫർനഗറിലുണ്ടായ അപകടത്തിൽ 23 പേർ മരിച്ചിരുന്നു.

അതിനിടെ, തുടർച്ചയായുണ്ടാകുന്ന ട്രെയിൻ അപകടങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രി സുരേഷ് പ്രഭു രാജിസന്നദ്ധത അറിയിച്ചു. എന്നാൽ പ്രധാനമന്ത്രി മോദി ഇതു നിരസിച്ചു.