സ്വകാര്യതാ വിധി ബീഫ് നിരോധനത്തെയും ബാധിക്കാം: സുപ്രീംകോടതി

ന്യൂഡൽഹി∙ സ്വകാര്യത മൗലികാവകാശമാക്കിയ വിധി ബീഫ് നിരോധനത്തെയും ബാധിക്കാമെന്ന് സുപ്രീം കോടതി. ബീഫ് കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന വിധി പരിശോധിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീൽ പരിശോധിക്കുകയായിരുന്നു കോടതി.

മഹാരാഷ്ട്രാ സർക്കാരിന്റെ കശാപ്പു നിരോധനം ശരിവച്ച ബോംബെ ഹൈക്കോടതി, ഇതരസംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്ന മാട്ടിറച്ചി കൈവശം വയ്ക്കുന്നതു കുറ്റകരമല്ലെന്ന് വിധിച്ചിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

പശു, കാള, എരുമ എന്നിവയെ കൊല്ലുന്നതും ഇറച്ചി വിൽക്കുന്നതും മഹാരാഷ്ട്രയിൽ അഞ്ചു വർഷം വരെ തടവു ലഭിക്കാവുന്ന, ജാമ്യമില്ലാ കുറ്റമാണ്. പിഴ ആയിരത്തിൽനിന്ന് പതിനായിരമാക്കിയും ഉയർത്തിയിട്ടുണ്ട്. പശു, കാള, എരുമ ഇറച്ചിയാണ് മഹാരാഷ്‌ട്രയിൽ മാട്ടിറച്ചി (ബീഫ്) എന്നറിയപ്പെടുന്നത്. പോത്തിറച്ചിക്ക് നിരോധനമില്ലെങ്കിലും തദ്ദേശീയർക്ക് വലിയ പ്രിയമില്ല. മാട്ടിറച്ചി വിപണിയിൽ 25% മാത്രമാണു പോത്തിറച്ചി.