Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വംശീയ കൊലപാതകം: ‘പരീക്ഷണവിഷം’ കുത്തിവച്ച് വെളുത്ത വർഗക്കാരന് വധശിക്ഷ

Mark-Asay ഫ്ളോറിഡയിൽ വധശിക്ഷയ്ക്കു വിധേയനായ പ്രതി മാർക് അസയ്. ചിത്രം: ട്വിറ്റർ

ഫ്ലോറിഡ∙ വംശീയ കൊലപാതകം നടത്തിയ യുഎസ് പൗരനു ‘പരീക്ഷണ വിഷം’ കുത്തിവച്ച് വധശിക്ഷ. അൻപത്തിമൂന്നുകാരൻ മാർക് അസയ് ആണ് യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിൽ വധശിക്ഷയ്ക്കു വിധേയനായത്. കറുത്ത വംശജനെ കൊലപ്പെടുത്തിയതിനു വധശിക്ഷ ലഭിക്കുന്ന ഫ്ലോറിഡയിലെ ആദ്യ വെളുത്ത വർഗക്കാരനാണ് ഇദ്ദേഹം.

വ്യാഴാഴ്ച കാലത്ത് ആറരയോടെയാണ് ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത എറ്റോമിഡേറ്റ് (Etomidate) കുത്തിവച്ച് മാർക് അസയ്‌യുടെ ശിക്ഷ നടപ്പാക്കിയത്. മൂന്നു തവണ ഇൻജക്‌ഷൻ ചെയ്തു. മിഡാസോലം (Midazolam) എന്ന മരുന്നിനു പകരമായാണ് എറ്റോമിഡേറ്റ് ഉപയോഗിച്ചത്. മിഡാസോലം കുത്തിവയ്ക്കുമ്പോൾ വളരെ കഷ്ടതയനുഭവിച്ചാണ് പ്രതികളുടെ മരണമെന്ന് ആരോപണമുണ്ടായിരുന്നു. ഇതോടെ ജനുവരിയിൽ ഈ മരുന്ന് നിരോധിച്ചു. എറ്റോമിഡേറ്റ് എന്നത് ഒറ്റമരുന്നല്ല. റൊക്യുറോണിയം ബ്രോമൈഡിന്റെയും (Rocuronium Bromide) പൊട്ടാസ്യം അസറ്റേറ്റിന്റെയും (Potassium Acetate) മിശ്രിതമാണ്. എന്നാൽ, മാർക് അസായ്‍യെ ‘ഗിനിപ്പന്നി’യാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഒരു ജഡ്ജി വിധിയിൽ വിയോജനക്കുറിപ്പെഴുതി.

1987ൽ ജാക്സൺ വില്ലയിൽ നടന്ന രണ്ട് കൊലപാതകങ്ങളിലാണു കുറ്റക്കാരനാണെന്ന് കണ്ടെത്തി മാർക്കിനെ ശിക്ഷിച്ചത്. കറുത്ത വർഗക്കാരൻ റോബർട്ട് ലീ ബൂക്കർ, സ്പെയിൻ പൗരൻ റോബർട്ട് മക്ഡവൽ എന്നിവരെയാണ് വംശീയമായ അധിക്ഷേപം നടത്തി മാർക് അസയ് വെടിവച്ചു കൊന്നത്. പെൺവേഷം കെട്ടിനിന്ന മക്ഡവലിനെ കണ്ടപ്പോൾ ലൈംഗികാവശ്യത്തിനായി മാർക് കൂടെ കൂട്ടുകയായിരുന്നു. എന്നാൽ ഇയാൾ സ്ത്രീയല്ലെന്നു മനസ്സിലായപ്പോൾ വെടിവെച്ചു കൊന്നെന്നാണ് കേസ്. എന്നാൽ താൻ ആരെയും കൊന്നിട്ടില്ലെന്ന നിലപാടാണ് മാർക് അസായ് സ്വീകരിച്ചത്.

1976ൽ വധശിക്ഷ പുനഃസ്ഥാപിച്ചതിൽപ്പിന്നെ സംസ്ഥാനത്ത് വംശീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 20 കറുത്ത വർഗക്കാർക്ക് വധശിക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ആദ്യമായാണ് കറുത്ത വർഗക്കാരനെ കൊന്ന കേസിൽ ഒരു വെളുത്ത വർഗക്കാരനെ ശിക്ഷിക്കുന്നതെന്നു ഡെത്ത് പെനൽറ്റി ഇൻഫർമേഷൻ സെന്റർ അറിയിച്ചു.

ഗവർണർ റിക് സ്കോട്ട് അധികാരമേറ്റശേഷം ഫ്ലോറിഡയിൽ വധശിക്ഷയ്ക്ക് ഇരയാകുന്ന ഇരുപത്തിനാലാമത്തെ വ്യക്തിയാണ് മാർക് അസായ്. സംസ്ഥാന ചരിത്രത്തിൽ വധശിക്ഷകളുടെ എണ്ണം ഏറ്റവും കൂടിയതു ഗവർണർ റിക് സ്കോട്ടിന്റെ കാലത്താണെന്നും വിമർശനമുണ്ട്.

related stories