ദേരയെ ഇനി ആരു നയിക്കും? മകനോ വളർത്തുമകളോ സന്യാസിനിയോ?

ഗുർമീത് റാം റഹിം സിങ്ങിനൊപ്പം അമർപ്രീത്, ജസ്മീത് സിങ് ഇൻസാൻ, ഹണി പ്രീത്, ചരൺജിത് എന്നിവർ.

ചണ്ഡീഗഡ് ∙ മാനഭംഗക്കേസിൽ ഗുർമീത് റാം റഹിം സിങ്ങിന് പത്തുവർഷം തടവുശിക്ഷ വിധിച്ചതോടെ ആരാവും ദേര സച്ചാ സൗദയ്ക്കു ഇനി നേതൃത്വം നൽകുകയെന്ന ചോദ്യം പ്രസക്തമാകുന്നു. ദേരയുടെ ആത്മീയഗുരുവിന്റെ സ്ഥാനത്തു ഗുർമീത് തുടരുമെങ്കിലും വിവിധ സ്ഥാപനങ്ങൾ നടത്തുന്നതിനും ദൈനംദിന പ്രവർത്തനം നിയന്ത്രിക്കുന്നതിനും പുതിയ ഭരണാധികാരിയെ നിയമിക്കേണ്ടി വരും. ഗുർമീതിനും ഭാര്യ ഹർജീത് കൗറിനും മൂന്നു മക്കളാണ്– ഒരാണും രണ്ടു പെണ്ണും.

മകൻ ജസ്മീത് സിങ് ഇൻസാൻ ബിസിനസുകാരനാണ്. പെൺമക്കളായ ചരൺജിത്, അമർപ്രീത് എന്നിവർ വിവാഹിതരാണ്. ഇവർക്കു പുറമേ റാം റഹിം സിങ് ഒരു പെൺകുട്ടിയെ വളർത്തു മകളായി സ്വീകരിച്ചിട്ടുണ്ട്. ഹണി പ്രീത് എന്ന ഈ മകൾ നടിയുമാണ്. ദേര സച്ചാ സൗദായുടെ 1948 മുതലുള്ള ചരിത്രം നോക്കിയാൽ ഗുരുവിന്റെ കുടുംബാംഗങ്ങളെ അടുത്ത ഗുരുവായി തിരഞ്ഞെടുക്കുന്ന പതിവില്ല. ഗുർമീത് റാം റഹിമും ഗുരുവായതു പുറമേനിന്നാണ്.

എന്നാൽ, 2007ൽ മാനഭംഗക്കേസ് വീണ്ടും ശക്തമായപ്പോൾ ഗുർമീത് തന്നെ മകൻ ജസ്മീത് സിങ്ങിനെ അനന്തരാവകാശിയായി പ്രഖ്യാപിച്ചിരുന്നു. ജസ്മീത് സ്വന്തം വ്യവസായങ്ങളിലല്ലാതെ ദേര സച്ചാ സൗദയിൽ ഇടപെട്ടു തുടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ നേതൃത്വം ഏറ്റെടുത്തുവെന്നു വരില്ല. പഞ്ചാബിലെ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ഹർമീന്ദർ സിങ് ജസ്സിന്റെ മകളാണു ജസ്മീതിന്റെ ഭാര്യ.

ദേരയിൽ രണ്ടാം സ്ഥാനത്തുള്ളത് ഗുരു ബ്രഹ്മചാരി വിപാസന എന്ന സന്യാസിനിയാണ്. മാനേജ്മെന്റ് സംഘത്തെ നയിക്കുന്നത് വിപാസനയാണ്. നമ്പാർദാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. ഗുർമീത് ജയിലിൽ കഴിയുന്ന കാലത്തോളം നമ്പാർദാർ തന്നെ സംഘടനയെ നയിക്കട്ടെ എന്നും തീരുമാനിച്ചേക്കാം. എന്നാൽ വളർത്തു പുത്രി ഹണി പ്രീത് സിങ് അടുത്ത പിൻഗാമിയായി വന്നേക്കും എന്ന് അഭ്യൂഹമുണ്ട്. ഗുർമീത് വെള്ളിയാഴ്ച കോടതിയിൽ ഹാജരായപ്പോൾ ഒപ്പം വന്നത് ഹണി പ്രീതാണ്.