ലങ്കയെ ചുട്ടുചാമ്പലാക്കി ഇന്ത്യ; 168 റൺസിന്റെ കൂറ്റൻ വിജയവുമായി കോഹ്‍ലിപ്പട

ശ്രീലങ്കയ്ക്ക് എതിരായ വിജയം ആഘോഷിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും സഹകളിക്കാരും

കൊളംബോ∙ ഏകദിന പരമ്പരയും തൂത്തുവാരാൻ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്ക് ശ്രീലങ്കയ്ക്കെതിരെ കൂറ്റൻ വിജയം. 168 റൺസിനാണ് ശ്രീലങ്കയെ ഇന്ത്യ തക‍ർത്തുകളഞ്ഞത്. ജന്മനാട്ടിലെ ഏറ്റവും വലിയ പരാജയമാണ് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ശ്രീലങ്ക ഏറ്റുവാങ്ങിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, ക്യാപ്റ്റൻ കോഹ്‍‌ലിയുടെയും ഓപ്പണർ രോഹിത് ശർമയുടെയും മികവിൽ നേടിയത് അഞ്ചിന് 375 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 207 റൺസ് എടുക്കുന്നതിനിടെ ഓൾ ഔട്ടായി. 42.2 ഓവറിലാണ് ലങ്കയെ ഇന്ത്യ ചുരുട്ടിക്കൂട്ടിയത്.

ലങ്കൻ നിരയിൽ ആഞ്ജലോ മാത്യൂസ് ആണ് അർധസെഞ്ചുറി പിന്നിട്ടത്. മാത്യൂസ് 80 ബോളിൽനിന്ന് 70 റൺസ് എടുത്തു. മിലിൻഡ ശ്രീവർധന (39), വാനിഡു ഹാസരംഗ (22), ലഹിരു തിരുമന്നെ (18), നിരോഷൻ ഡിക്‌വെല്ല (14) അഖില ധനഞ്ജയ (11), ദിൽഷൻ മുനവീറ (11) എന്നിവരാണ് രണ്ടക്കം കടന്നത്. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ബൗളിങ് പട വിജയത്തിന് വേഗം കൂട്ടി.

ശ്രീലങ്ക സ്കോറിലേക്ക് 22, 26, 37, 68, 141, 177, 190, 196, 207 റൺസുകൾ കൂട്ടിച്ചേർക്കുന്നതിനിടെയാണ് ഇന്ത്യ വിക്കറ്റുകൾ പിഴുതെടുത്തത്. ജസ്മീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതമെടുത്തു. ഷർദുൽ ഠാക്കൂർ, അകസ്ർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും ഇന്ത്യയ്ക്കായി സ്വന്തമാക്കി.

കൂറ്റൻ സ്കോറിൽ ഇന്ത്യ

ലങ്കൻ ബോളർമാരെ നിലംപരിശാക്കിയാണ് ഇന്ത്യ മുന്നേറിയത്. ക്യാപ്റ്റൻ കോഹ്‌ലി നേടിയത് 29–ാം ഏകദിന സെഞ്ചുറി. 96 പന്തിൽ‌ 131 റൺസുമായി കോഹ്‌ലി മടങ്ങുമ്പോൾ ഇന്ത്യക്ക് കൂറ്റൻ സ്കോറിനുളള അടിത്തറ ഒരുങ്ങിയിരുന്നു. ക്യാപ്റ്റനു പിന്നാലെ ഓപ്പണർ രോഹിത് ശർമയും സെഞ്ചുറിയിലേക്ക് എത്തിയതോടെ മൽസരത്തിൽ ഇന്ത്യയുടെ പൂർണ മേധാവിത്വമായി. രോഹിത്തിന്റെ 13–ാം ഏകദിന സെഞ്ചുറിയായിരുന്നു ഇത്.

മനീഷ് പാണ്ഡെ 50 റൺസോടെയും മികച്ച ഫോം തുടരുന്ന ധോണി 49 റൺസുമായും പുറത്താകാതെ നിന്നു. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 101 റൺസാണ് കൂട്ടിച്ചേർത്തത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ സ്കോർ ബോർഡിൽ വെറും ആറു റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ശിഖർ ധവാൻ (നാല്) പുറത്തായി. പിന്നീട് രണ്ടാം വിക്കറ്റിൽ കോഹ്‌ലി– രോഹിത് കൂട്ടുകെട്ട് നേടിയ ഇരട്ട സെ‍ഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോറിന് അടിത്തറ പാകിയത്.

ശിഖർ ധവാൻ (നാല്), വിരാട് കോഹ്‌ലി (96 പന്തിൽ 131), ഹാർദ്ദിക് പാണ്ഡ്യ (18 പന്തിൽ 19), രോഹിത് ശർമ (88 പന്തിൽ 104), ലോകേഷ് രാഹുൽ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. സെഞ്ചുറി തികച്ചു മുന്നേറുകയായിരുന്ന കോഹ്‌ലിയെ ലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗയാണ് പുറത്താക്കിയത്. ഏകദിനത്തിൽ മലിംഗയുടെ 300 മത്തെ ഇരയായിരുന്നു കോഹ്‌‌ലി.

കുൽദീപ് യാദവ്, മനീഷ് പാണ്ഡെ, ഷർദുൽ ഠാക്കൂർ എന്നിവരെ ടീമിലുൾപ്പെടുത്തിയാണ് ഇന്ത്യ നാലാം ഏകദിനത്തിന് ഇറങ്ങിയത്. ഷർദുൽ ഠാക്കൂറിന്റെ ഏകദിന അരങ്ങേറ്റ മൽസരമാണിത്. യുസ്‌വേന്ദ്ര ചാഹൽ, കേദാർ ജാദവ്, ഭുവനേശ്വർ കുമാർ എന്നിവർക്കാണ് വിശ്രമം അനുവദിച്ചത്.

ധോണിയെ ആദരിച്ച് കോ‍ഹ്‌ലി

300–ാം ഏകദിനം കളിക്കുന്ന മുൻ ക്യാപ്റ്റൻ ധോണിക്ക് ക്യാപ്റ്റൻ‌ കോഹ്‌ലി പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. ഇന്ത്യൻ താരങ്ങളിൽ 300 ക്ലബ്ബിൽ എത്തുന്ന ആറാമത്തെ താരമാണ് ധോണി. സച്ചിൻ തെൻഡുൽക്കറാണ് ഏറ്റവും കൂടുതൽ ഏകദിനം കളിച്ചത് (463). രാഹുൽ ദ്രാവിഡ് (344), മുഹമ്മദ് അസ്ഹുറുദ്ദീൻ (334), സൗരവ് ഗാംഗുലി (311), യുവരാജ് സിങ് (304) എന്നിവരും മൽസരങ്ങളുടെ എണ്ണത്തിൽ ട്രിപ്പിൾ സെഞ്ചുറി പിന്നിട്ടവരാണ്.

ക്യാപ്റ്റൻ കോഹ്‌ലിയെ അഭിനന്ദിക്കുന്ന രോഹിത് ശർമ

അതേസമയം, ഇന്ത്യയ്ക്കെതിരെ നാലാം ഏകദിനത്തിനിറങ്ങിയ ശ്രീലങ്കയെ നയിച്ചത് പരമ്പരയിലെ മൂന്നാമത്തെ നായകനാണ്. ചമര കപുഗേദരയ്ക്കു പരുക്കേറ്റതോടെ പേസ് ബോളർ ലസിത് മലിംഗ ഇന്ന് ശ്രീലങ്കയെ നയിക്കും. കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ ഉപുൽതരംഗ വിലക്ക് നേരിട്ടതോടെയാണ് മൂന്നാം ഏകദിനത്തിൽ കപുഗേദരയെ ക്യാപ്റ്റനാക്കിയത്.